റഫേല്‍ ഇടപാട്; സുപ്രീം കോടതിയില്‍ വില വിവരങ്ങള്‍ നല്‍കി

റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി. സീല്‍ വച്ച കവറിലാണ് കോടതിയില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം വിലവിവരം ഹര്‍ജിക്കാര്‍ക്കും കേന്ദ്രം നല്‍കിയിട്ടുണ്ട്. പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കാനുള്ള എല്ലാ നയങ്ങളും പാലിച്ചാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കി.

കോടതി വിധിയെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറിയത്. റഫേല്‍ വിമാനങ്ങളുടെ വില, ആ വിവ നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു കോടതി ഉത്തരവ്. കരാറിലെ പങ്കാളികളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും ഇടപാടിന്റെ നടപടിക്രമങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഹര്‍ജിക്കാര്‍ക്ക് റഫേല്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്കു നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക രഹസ്യത്തില്‍ ഉള്‍പ്പെടുന്നതോ, ഉഭയകക്ഷി സ്വഭാവത്തിലുള്ളവയോ അല്ലാത്ത വിവരങ്ങള്‍ എതിര്‍കക്ഷികള്‍ക്കു കൈമാറാനാണ് കോടതി നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top