നിപ ബാധയുടെ സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പിരിച്ചുവിട്ടു

നിപ വൈറസ് ഭീതിപടര്‍ത്തിയ കാലത്ത് സ്വന്തം ജീവന്‍ പോലും പണയംവെച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന കരാര്‍ത്തൊഴിലാളികളെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.
നിപ സമയത്ത് നിയമിക്കുമ്പോള്‍ ജോലിയുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിപ വാര്‍ഡില്‍ നിന്ന് പുറത്തുവരാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല.
നേരത്തെ നളന്ദ ഓഡിറ്റോറിയത്തില്‍ നിപ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രിയോട് ജോലി സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആലോചിക്കാമെന്നായിരുന്ന മറുപടി എന്ന് തൊഴിലാളികള്‍ പറയുന്നു.
ആദരിക്കല്‍ചടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ഒന്നും ലഭിച്ചിട്ടില്ല.
തൊഴിലെടുത്ത് മുന്നോട്ടുപോകാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡി.എം.ഒ., പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ക്ക് 42 പേരും ഒപ്പിട്ട നിവേദനം തിങ്കളാഴ്ച അയച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here