‘രാജ്യത്തിന്റെ കരുത്ത് യുവാക്കള്‍’: മുഖ്യമന്ത്രി

Pinarayi Vijayan cm kerala

രാജ്യത്തിന്റെ കരുത്ത് യുവാക്കളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഏറ്റവും വലിയ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ മുന്നിട്ടിറങ്ങിയത് യുവാക്കളാണ്. സമൂഹ്യപ്രതിബദ്ധതയും സഹജീവികളോടുള്ള സ്‌നേഹവും നമ്മുടെ യുവാക്കളില്‍ നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് വിളിച്ചോതുന്നതായിരുന്നു പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ 14-ാം സംസ്ഥാന സമ്മേളനത്തില്‍ കോഴിക്കോട്ട് വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. സംഘപരിവാറിനൊപ്പം ചേര്‍ന്ന് മറ്റ് ചിലരും അതിനായി ശ്രമിക്കുന്നു. അത്തരം നീക്കങ്ങളെ ചെറുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇടതുപക്ഷത്തോടൊപ്പം ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ യുവാക്കള്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ പാര്‍ലമെന്ററി സംസ്‌കാരത്തെ പോലും ബഹുമാനിക്കാത്തവരാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ തെരുവില്‍ ചോദ്യം ചെയ്യുകയാണ് സംഘപരിവാര്‍ നേതാക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ജനാധിപത്യവ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രം ഇവിടെ നടന്നാല്‍ മതിയെന്നാണ് അത്തരക്കാരുടെ ആവശ്യം. ‘ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ കോടതിയുടെ അനുമതി നോക്കിയിട്ടില്ല, രാമക്ഷേത്രം പണിയാനും അത് വേണ്ട’ എന്നാണ് പല സംഘപരിവാറുകാരും പറയുന്നത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയടക്കം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി. ഇതെല്ലാം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. സിബിഐ വിഷയത്തിലും റഫേല്‍ ഇടപാടിലും ഇത് തന്നെയാണ് അവസ്ഥയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്.ഐയുടെ 14-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിനെതിരെയും സംഘപരിവാറിനെതിരെയും ആഞ്ഞടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top