ശശികല വര്‍ഗീയ വിഷം ചീറ്റുന്നു; ഹര്‍ത്താലിന് പിന്നില്‍ ശബരിമലയെ തകര്‍ക്കാന്‍ ലക്ഷ്യം വെക്കുന്നവര്‍: ദേവസ്വം മന്ത്രി

kadakampally

പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നാട്ടില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് ശശികല ടീച്ചര്‍ പലപ്പോഴായി സംസാരിച്ചിട്ടുള്ളത്. സംസ്‌കാര ശൂന്യമായ രീതിയിലാണ് ശശികല ടീച്ചറുടെ സംസാരമെന്നും ദേവസ്വം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നാട് മുഴുവന്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് സംഘപരിവാറും ശശികല ടീച്ചര്‍ നേതൃത്വം നല്‍കുന്ന ഹിന്ദു സംഘടനകളും ലക്ഷ്യം വെക്കുന്നത്. എന്ത് വിശ്വാസത്തിന്റെ പേരിലാണ് ശശികല നാല് തവണ ശബരിമല കയറിയത്. വര്‍ഷം തോറും മല ചവിട്ടുന്ന വിശ്വാസികള്‍ പോലും ഇങ്ങനെ ചെയ്യാറില്ല. ഇതില്‍ നിന്നെല്ലാം ശശികലയും സംഘപരിവാറും ഉന്നം വെക്കുന്നത് വര്‍ഗീയത സൃഷ്ടിക്കാനാണെന്ന് വ്യക്തമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മരക്കൂട്ടത്ത് നിന്നാണ് ശശികല അറസ്റ്റിലായത്. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിരവധി തവണ പോലീസ് അവരോട് തിരിച്ചുപോകാന്‍ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് അതെല്ലാം. പക്ഷേ, ശശികല അതിന് തയ്യാറായില്ല. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഒടുവില്‍ പോലീസ് ശശികലയെ അറസ്റ്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സാധാരണ തൊഴിലാളി പ്രസ്ഥാനങ്ങള്‍ നല്‍കുന്ന ഇളവ് പോലും ഹിന്ദു സംഘടനകള്‍ ഈ ഹര്‍ത്താലില്‍ നല്‍കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അയ്യപ്പഭക്തര്‍ക്ക് പോലും വലിയ ബുദ്ധിമുട്ടാണ് ഹര്‍ത്താലില്‍ ഉണ്ടായിരിക്കുന്നത്. പലയിടത്തും അയ്യപ്പഭക്തര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഭക്തരോട് പോലും അലിവ് കാണിക്കാത്ത ഹര്‍ത്താല്‍ അനുകൂലികള്‍ ശബരിമലയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമുള്ളവരാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top