നെയ്യഭിഷേകത്തിന് ബുദ്ധിമുട്ടുണ്ടാകില്ല; ഭക്തര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ തയ്യാര്‍: ദേവസ്വം ബോര്‍ഡ്

A Padmakumar

അയ്യപ്പ ഭക്തര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും തയ്യാറാണെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തീര്‍ത്ഥാടകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസൗകര്യങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ബോര്‍ഡ് ഇടപെടുമെന്നും പത്മകുമാര്‍ പറഞ്ഞു. ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യഭിഷേകവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്ക പരിഹരിച്ചിട്ടുണ്ട്. എല്ലാ ഭക്തര്‍ക്കും നെയ്യഭിഷേകം നടത്താന്‍ കഴിയുംവിധം ക്രമീകരണങ്ങള്‍ ഒരുക്കും. പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറക്കുമ്പോള്‍ മുതല്‍ നെയ്യഭിഷേകത്തിന് സമയമുണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30 വരെ നെയ്യഭിഷേകം നടത്താനായി ഭക്തര്‍ക്ക് സാധിക്കും. അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും പോലീസ് ഒരുക്കും. മൂന്ന് മണിയ്ക്ക് മുന്‍പ് നെയ്യഭിഷേകം നടത്താനുള്ള ഭക്തര്‍ക്ക് എത്താന്‍ സാധിക്കുന്നവിധം പോലീസ് സൗകര്യമൊരുക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ഭക്തര്‍ക്ക് പകല്‍ നിയന്ത്രണമുണ്ടാകില്ല. അയ്യപ്പനെ കാണാന്‍ എത്തുന്ന ഭക്തര്‍ക്ക് ഒരു മിനിട്ടെങ്കിലും അയ്യപ്പ സന്നിധിയില്‍ നില്‍ക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ക്രമീകരണങ്ങളിലൂടെ ലക്ഷ്യംവെച്ചത്. മുന്‍ വര്‍ഷങ്ങളിലെ തിരക്ക് കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്നും പത്മകുമാര്‍ പറഞ്ഞു. ഭക്തര്‍ക്ക് ഏത് തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാലും അത് പരിഹരിക്കാന്‍ ബോര്‍ഡ് തയ്യാറാണ്. ഭക്തരുടെ സൗകര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. നടപ്പന്തലില്‍ പകല്‍ സമയത്ത് നിയന്ത്രണമുണ്ടാകില്ല. സമരം ചെയ്യുക എന്ന ലക്ഷ്യത്തോടെ വരുന്നവരെ മാത്രമാണ് കര്‍ശനമായി നിയന്ത്രിക്കുന്നതെന്നും ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

10,000 പേര്‍ക്ക് നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കും. ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ വിപുലീകരിക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പായി കണ്ടാണ് സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കുക. പമ്പയില്‍ കൂടുതല്‍ ശുചിമുറികള്‍ പണിയും. സന്നിധാനത്തും ശുചിമുറികള്‍ വര്‍ധിപ്പിക്കും. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രാത്രി സന്നിധാനത്ത് തങ്ങാനുള്ള സൗകര്യം ഒരുക്കും. ഒരേ സമയം 25,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ക്രമീകരണം ഉണ്ടാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം, നടപ്പന്തലും സന്നിധാനവും പ്രതിഷേധ പ്രകടനങ്ങള്‍ക്കും സമരത്തിനും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ തടയുകയാണ് നിയന്ത്രണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതിന് പോലീസുമായി സഹകരിക്കുകയാണെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top