ശബരിമലയിലെ നിയന്ത്രണം; ബിജെപി കോടതിയിലേക്ക്

dress code mandatory for police in sabarimala

ശബരിമലയിലെ നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ച് ബിജെപി കോടതിയിലേക്ക്. പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകും. ക്രമസമാധാനപ്രശ്നങ്ങളുടെ പേരിൽ തീർഥാടകരുടെ അവകാശങ്ങളിൽ പോലീസ് ഇടപെടുന്നുവെന്ന് കാണിച്ചാണ് ബിജെപി ഹർജി നൽകുക. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാൻ അനുവദിച്ചില്ലെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉന്നയിച്ച് ബിജെപി, സംഘപരിവാർ നേതാക്കളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും.

അതേസമയം, ഗവര്‍ണറെ കാണാന്‍ ശബരിമല കര്‍മസമിതി അനുമതി തേടിയിട്ടുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍മ്മസമിതി നേതാക്കള്‍ ഗവര്‍ണറെ കാണുന്നത്. രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ചായിരിക്കും കര്‍മ്മസമിതിയുടെയും ഗവര്‍ണറുടെയും കൂടിക്കാഴ്ച. ശബരിമലയിലെ നിയന്ത്രണങ്ങള്‍ മറികടന്ന് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കളെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല കര്‍മ്മസമിതി നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ശബരിമലയില്‍ പല മേഖലകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും കര്‍മ്മ സമിതി പറയുന്നു. കഴിഞ്ഞതവണ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യാത്ത ഇടമാണ് എരുമേലി. അവിടെയടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ശരിയല്ലെന്നാണ് കര്‍മ്മസമിതി ആരോപിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top