മന്ത്രിയുടെ വാഹനമല്ല തടഞ്ഞത്; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനം പമ്പയിൽ പോലീസ് തടഞ്ഞു എന്ന ആരോപണം തെറ്റാണെന്നു പമ്പ സ്‌പെഷ്യൽ ഓഫീസർ എസ് ഹരിശങ്കർ പറഞ്ഞു. മന്ത്രിയുടെ വാഹന വ്യൂഹം പോയതിനു ശേഷം വന്ന വാഹനമാണ് പരിശോധനയുടെ ഭാഗമായി പോലീസ് തടഞ്ഞത്. അതിൽ ബിജെപി നേതാക്കളായിരുന്നെന്നും അതാണ് മന്ത്രിയുടെ വാഹനം തടഞ്ഞു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും ഹരിശങ്കർ പറഞ്ഞു.

പുലർച്ചെ ഒരു മണി കഴിഞ്ഞ ശേഷമായിരുന്നു സംഭവം. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള മന്ത്രിയുടെ വാഹനം കടന്നു പോയതിനു ശേഷമാണ് എറണാകുളം രജിസ്‌ട്രേഷനിലുള്ള വാഹനം കടന്നുവന്നത് . അതിൽ കഴിഞ്ഞ ദിവസം അക്രമത്തിൽ പങ്കെടുത്ത ആളോട് സദൃശ്യമുള്ള ഒരാള്‍ ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. ഇക്കാര്യം മന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മറിച്ചുള്ളത് തെറ്റായ പ്രചാരണം ആണെന്നും പമ്പ സ്‌പെഷ്യൽ ഓഫീസർ എസ്.പി എസ്. ഹരിശങ്കർ വ്യക്തമാക്കി.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടു. മന്ത്രിയുടെ വാഹനം പോയതിനു ശേഷം വന്ന വാഹനത്തെയാണ് പോലീസ് പരിശോധനയ്ക്ക് തടയുന്നത് എന്നു ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top