കെ. സുരേന്ദ്രനെതിരെ പുതിയ കേസ്

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ പുതിയ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനെതിരെ പുതിയ കേസ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതായി പൊലീസ് കണ്ടെത്തല്‍. കേസില്‍ സുരേന്ദ്രന്‍ മൂന്നാം പ്രതിയാണ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സുരേന്ദ്രനെ കൂടാതേ ശോഭാ സുരേന്ദ്രനും മറ്റ് കണ്ടാലറിയുന്ന 198 പേരും കേസിൽ പ്രതികളാണ്.
അതേസമയം, മറ്റൊരു കേസിൽ സുരേന്ദ്രന് ജാമ്യം ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസിലാണ് ജാമ്യം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം. പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന്റെ ജാമ്യേപേക്ഷ ഇന്നലെ പരിഗണിച്ച പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്. ഈ കേസില്‍ 13-ാം പ്രതിയാണ് സുരേന്ദ്രന്‍. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ഗൂഢാലോചന കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല.