തെലങ്കാനയിൽ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയെ കാണാനില്ല

തെലങ്കാന നിയമസഭാ സ്ഥാനാർത്ഥിയായ ട്രാൻസ് വുമൺ ചന്ദ്രമുഖി മുവ്വാലയെ കാണാനില്ല. തെലങ്കാനയിലെ ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയാണ് ചന്ദ്രമുഖി.
ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാർത്ഥിയായി ഗോഷമഹൽ മണ്ഡലത്തിൽനിന്നാണ് ചന്ദ്രമുഖി മത്സരിക്കുന്നത്. ചന്ദ്രമുഖിയെ കാണാനില്ലെന്ന് കാണിച്ച് ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ സുഹൃത്തുക്കൾ പരാതി നൽകി.
വീട്ടിൽനിന്നാണ് ചന്ദ്രമുഖിയെ കാണാതായതെന്ന് തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ചന്ദ്രമുഖിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഇവരാണ്. എന്നാൽ ചന്ദ്രമുഖിയുമായി ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ കാണാനില്ലെന്ന് വ്യക്തമായതെന്ന് സമിതി പറഞ്ഞു. ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.
തിങ്കളാഴ്ച പ്രചാരണ പ്രവർത്തനങ്ങൾ കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് ചന്ദ്രമുഖി വീട്ടിലേക്ക് പോയത്. രാവിലെ ഒരു കൂട്ടം ആളുകൾക്കൊപ്പം വീട്ടിൽനിന്ന് ഇറങ്ങിയെന്നാണ് കരുതുന്നത്. ചന്ദ്രമുഖിയെ കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here