മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനം

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്താശേഖരണത്തിന് ബുദ്ധിമുട്ടും തടസങ്ങളും സൃഷ്ടിക്കുന്ന നിയന്ത്രണങ്ങളാണ് 15 ന് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.
ജില്ലാ തലത്തില്‍ ഒരു വകുപ്പും നേരിട്ട് വാര്‍ത്താക്കുറിപ്പ് നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. വാര്‍ത്തകള്‍ നേരിട്ട് നല്‍കുന്ന വകുപ്പ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ ഉറവിടമായി മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് സര്‍ക്കുലറിലുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം തേടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും മാധ്യമപ്രവര്‍ത്തകരുമായി നേരിട്ടുള്ള ബന്ധം പരിമിതപ്പെടുത്തുന്നതും പി.ആര്‍.ഡി വഴിയാക്കുന്നതുമാണ് നിര്‍ദേശങ്ങള്‍. ജില്ലാ തലങ്ങളില്‍ വകുപ്പുകള്‍ നടത്തുന്ന വാര്‍ത്താസമ്മേളനം, പരിപാടികള്‍ എന്നിവയ്ക്കുള്ള ക്ഷണവും പത്രക്കുറിപ്പുകളും അതിലെ ഉദ്യോഗസ്ഥര്‍ നല്‍കരുത്. സെക്രട്ടേറിയറ്റിന് പുറത്തുള്ള മന്ത്രിമാരുടെ പൊതുപരിപാടികളുടെ അറിയിപ്പും ഇനി പി.ആര്‍.ഡി വഴി മാത്രം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായിരിക്കും പ്രവേശനം.
Read More : മാധ്യമ നിയന്ത്രണത്തെ ബിജെപി അപലപിക്കുന്നു: പി.എസ് ശ്രീധരന്‍പിള്ള
അക്രഡിറ്റേഷന്‍ അല്ലെങ്കില്‍ പാസ് ഉള്ളവര്‍ക്കുമാത്രമേ പിആര്‍ഡി വകുപ്പുകളിലേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ക്ക് പ്രവേശനം സന്ദര്‍ശക സമയത്തുമാത്രം. പൊതുപരിപാടികള്‍ക്കെത്തുന്ന മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെയും വിശിഷ്ട വ്യക്തികളുടെയും പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതമായെടുക്കാന്‍ ശ്രമിക്കുന്നത് സഞ്ചാര സ്വാതന്ത്ര്യത്തെ പോലും തടസപ്പെടുത്താറുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെ ഫാസിസ്റ്റ് നടപടിയെന്നാണ് കോണ്‍ഗ്രസും ബിജെപിയും വിമര്‍ശിച്ചത്. അടിയന്തരമായി ഈ തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ആവശ്യപ്പെട്ടു. അതേസമയം, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചില ക്രമീകരണങ്ങള്‍ നടപ്പിലാക്കിയതാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ എന്തെങ്കിലും പിഴവുകളുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here