ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് റിപ്പോര്‍ട്ട്

sabarimala

ശബരിമല നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ 144 തുടരണമെന്നാണ് പൊലീസ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം, ശബരിമലയിൽ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുവാദം നൽകി എന്ന വാർത്ത തെറ്റാണെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പറഞ്ഞു.

ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധരാത്രിയോടെയാണ് സമാപിക്കുന്നത്. ഈ ഘട്ടത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നേരത്തെ, ജനുവരി 14വരെ നിരോധന പ്രഖ്യാപിക്കണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ നാലു ദിവസത്തേക്ക് മാത്രമായിരുന്നു നിരോധനാജ്ഞ ജില്ലാ കളക്ടർ നീട്ടിനൽകിയത്. ഇപ്പോൾ വീണ്ടും പൊലീസ് നൽകിയ റിപ്പോർട്ട് പരിശോധിക്കുന്ന ജില്ലാ കലക്ടർ എഡിഎമ്മിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ.

ReadAlso> ശബരിമലയുടെ നിയന്ത്രണം ഇനി മൂന്നംഗ മേൽനോട്ട സമിതിക്ക് http://www.twentyfournews.com/2018/11/30/sabarimala-control-to-three-member-committee.html

നിരോധനാജ്ഞ ഒഴിവാക്കിയാൽ ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധത്തിനുള്ള സാധ്യതയുണ്ട് എന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഘപരിവാർ സംഘടനകൾ ശബരിമലയിലും നിലയ്ക്കലിലും പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നു എന്ന് നേരത്തെ തന്നെ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ പ്രതിഷേധ സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ നിരോധനാജ്ഞ നീട്ടണമോ എന്ന് കാര്യത്തിൽ ജില്ലാ കളക്ടർ അന്തിമ തീരുമാനമെടുക്കും.

ReadAlso> ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും http://www.twentyfournews.com/2018/11/30/sabarimala-curfew-may-end-today.html

അതേസമയം, ശബരിമലയിലും പമ്പയിലും അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് ദേവസ്വം ബോർഡ് അനുമതി നൽകി എന്ന വാർത്ത പുറത്തുവന്നിരുന്നു. ഈ വാർത്ത തെറ്റാണെന്നും അങ്ങനെയൊരു അനുവാദം അയ്യപ്പ സേവാ സമാജത്തിന് ദേവസ്വം ബോർഡ് നൽകിയിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പത്മകുമാർ വ്യക്തമാക്കി. ദേവസ്വം ബോർഡ് തന്നെയാണ് അന്നദാനം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top