‘മുഖ്യമന്ത്രി പറയുന്നത് മാത്രം ചെയ്യുന്നു, സ്പീക്കറുടേത് ഏകാധിപത്യ നിലപാട്’: പ്രതിപക്ഷം

ശബരിമല വിഷയം ഉയർത്തി തുടർച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. സമാന വിഷയത്തിൽ കഴിഞ്ഞ രണ്ടു ദിവസവും സഭ പ്രക്ഷുബ്ധമായിരുന്നു. സഭാ നടപടികൾ ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ ഇന്ന് സഭ പിരിയുകയായിരുന്നു. ഏതോ ലഹരി കഴിച്ചുകൊണ്ടാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നതെന്ന ഭരണപക്ഷ ആരോപണവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവും തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം ഇന്നും സഭയിൽ പ്രതിഷേധം ഉയർത്തിയത്. ചോദ്യോത്തരവേള ഒഴിവാക്കി വിഷയം ചർച്ച ചെയ്യുകയോ ശൂന്യവേളയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകുമെന്ന് ഉറപ്പ് നൽകുകയോ ചെയ്യണമെന്ന് സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. വിശദമായി ചർച്ചചെയ്ത് വിഷയത്തിൽ വീണ്ടും സമയം കളയാനാകില്ലെന്ന സ്പീക്കറുടെ നിലപാട് പ്രതിപക്ഷം ആയുധമാക്കി.
മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ കയറിയും പ്രതിഷേധിച്ചു. സ്പീക്കറുടെ കാഴ്ച മറച്ചുകൊണ്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. പ്രതിപക്ഷ പ്രതിഷേധം മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതായി സ്പീക്കർ കുറ്റപ്പെടുത്തി.
പി. ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമസഭയിൽ ഏകാധിപത്യ നിലപാടുകളാണ് സ്പീക്കർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നും തനിക്കെതിരായ വിമർശനങ്ങളോട് അസഹിഷ്ണുതയില്ലെന്നും സ്പീക്കർ പ്രതികരിച്ചു.
തങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന സമീപനമാണ് സ്പീക്കർ സ്വീകരിക്കുന്നതെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. സഭയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന ആവശ്യങ്ങൾ ചർച്ചചെയ്യാൻ സ്പീക്കർ തയ്യാറാകുന്നില്ല. മുഖ്യമന്ത്രി പറയുന്നതിന് അപ്പുറത്തേക്ക് പോകില്ലെന്ന നിലപാടാണ് സ്പീക്കറുടേത്. ഈ ഏകാധിപത്യ നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here