ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനക്കെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ ഫ്രാന്‍സില്‍ അനിശ്ചിതത്വം. ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.
രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമാസക്തമായത്. അതേസമയം നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രിവക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യ പാരീസിലാണ് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. മഞ്ഞ ഉടുപ്പ് ധരിച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു. വാഹനങ്ങള്‍ക്കും നിരവധി കെട്ടിടങ്ങള്‍ക്കുമെല്ലാം തീവച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജീവിതച്ചെലവും ഇന്ധനവിലവര്‍ധനവും മൂലം നവംബര്‍ 17 മുതലാണ് വിവിധ ഇടങ്ങളില്‍ പ്രതിഷേധം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here