കൊച്ചിയില്‍ രണ്ടാനമ്മയെ മകന്‍ മദ്യലഹരിയില്‍ ചുട്ടുകൊന്നു

കൊച്ചി വൈറ്റിലയിൽ മദ്യ ലഹരിയിൽ മകൻ രണ്ടാനമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു തീ കൊളുത്തി കൊന്നു. വൈറ്റില സ്വദേശി നേരേ വീട്ടിൽ മേരിയാണ് മരിച്ചത്. മകൻ തങ്കച്ചൻ എന്നു വിളിക്കുന്ന സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് തങ്കച്ചൻ രണ്ടാനമ്മയായ മേരിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷം വീടിനു തീവച്ചത്. മേരിയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ദേഹമാസകലം പൊള്ളലേറ്റ മേരി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. എൺപത്തി രണ്ടു കാരിയായ മേരിയുടെ ഭർത്താവിൻറെ ആദ്യ വിവാഹത്തിലെ മകനാണ് തങ്കച്ചൻ. അറുപതുകാരനായ തങ്കച്ചൻ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. വീടിനുള്ളില്‍ നിന്നു തീ ഉയരുന്നതു കണ്ട അയൽക്കാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസും ഫയർ ഫോഴ്സും എത്തിയാണ് തീ അണച്ചത്.
ഭാര്യ മകൾക്കൊപ്പം ബംഗലുരുവിലായതിനാൽ മേരിയും തങ്കച്ചനും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ചെത്തി മേരിയുമായി തങ്കച്ചൻ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. ഇതുമൂലം സമീപത്തെ ബന്ധു വീടുകളിലാണ് ഇവർ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്.
തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുമ്പോഴും കത്തുന്ന വീടിനരികിൽ ഭാവഭേദമില്ലാതെ നിൽക്കുകയായിരുന്ന തങ്കച്ചനെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മേരിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് സയൻറിഫിക് വിദഗ്ദ്ധർ എത്തി തെളിവെടുപ്പ് നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here