കൗമാര കിരീടം പാലക്കാടിന്

youth fest

ഫോട്ടോ ഫിനിഷില്‍ ഈ വര്‍ഷത്തെ കൗമാര കിരീടം പാലക്കാടിന്.കോഴിക്കോടിനെ മൂന്ന് പോയന്റുകള്‍ക്ക് പിന്നിലാക്കിയാണ് പാലക്കാട് നേട്ടം കൊയ്തത്. പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂർ ജില്ലയാണു മൂന്നാം സ്ഥാനത്ത്. ഇരുന്നൂറോളം ഹയര്‍ അപ്പീലുകള്‍ പരിശോധിച്ചശേഷമാണ് വിധി പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ 1.21ന് എസ്ഡിവി സെന്‍റിനറി ഹാളിലെ യക്ഷഗാനമാണ് 59ാം കലോത്സവത്തില്‍ അവസാനം നടന്ന മത്സരം.
സ്വർണ്ണക്കപ്പും ട്രോഫിയുമില്ലെങ്കിലും അവസാനം വരെ പൊരുതിയാണ് പാലക്കാട് ഇത്തവണത്തെ കലാകിരീടം സ്വന്തമാക്കിയത്. തുടർച്ചയായ 12 വർഷത്തിനൊടുവിൽ 3 പോയിന്‍റ് വ്യത്യാസത്തിലാണ് കോഴിക്കോടിന് കിരീടം നഷ്ടമായത്. പുലർച്ചെ മൂന്നരയോടെയാണ് മത്സരങ്ങൾ അവസാനിച്ചത്. വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ മാത്രമാണ് വിതരണം ചെയ്തത്.
ഉപന്യാസ മൂല്യനിർണ്ണയവും കൂടിയാട്ട വേദിയിലുണ്ടായ തർക്കവും,ഗസൽ,നാടോടിനൃത്തം ജൂറിയുടെ അഭാവവും പല വേദികളിലും മത്സരങ്ങൾ വൈകി തുടങ്ങിയതും ആശങ്ക സൃഷ്ടിച്ചുവെങ്കിലും അവസാന മണിക്കൂറ് വരെ ലീഡുകൾ മാറിമറിഞ്ഞു.പ്രളയത്തിന്റ പശ്ചാത്തലത്തിൽ ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഇല്ലാതെയായിരുന്നു കലോത്സവം.മറ്റൊരു കലോത്സവത്തിന് ഒരു വർഷത്തെ കാത്തിരിപ്പ്. അടുത്ത വർഷം കാസർഗോഡ് കാണാമെന്ന് ഉപചാരം ചൊല്ലി പിരിഞ്ഞാണ് 59ാമത് സംസ്ഥാന കലോത്സവം അവസാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top