റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

urjith patel

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജി വക്കുന്നതെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഒന്‍പത് മാസം ശേഷിക്കെയാണ് ഊര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ഊര്‍ജിത് പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഊര്‍ജിത് പട്ടേലിനെതിരെ നിലപാടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തന്റെ രാജി വ്യക്തിപരമായ കാരണങ്ങളാല്‍ മാത്രമാണെന്ന് പറഞ്ഞാണ് ഊര്‍ജിത് പട്ടേല്‍ അധികാരം ഒഴിയുന്നത്.

Read More: ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിയ്ക്ക്

റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ ധനത്തിന്റെ മൂന്നിലൊന്നു വികസനാവശ്യങ്ങള്‍ക്കായി വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ആപത്കരമാണെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിലപാട്. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നത്. ഇതിനു പിന്നാലെ ഇരുകൂട്ടരും അനുരഞ്ജനത്തിന്റെ പാതയിലേക്ക് വന്നെങ്കിലും കേന്ദ്ര സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് ഊര്‍ജിത് പട്ടേല്‍ ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top