മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയാകും. കമല്‍നാഥ് മുഖ്യമന്ത്രിയാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി ഒന്‍പത് മണിയോടെ ഉണ്ടാകും. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗമാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമെടുത്തത്. യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മുഖ്യമന്ത്രി സാധ്യതയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു. ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് കമല്‍നാഥിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More: ‘ബിജെപിയുടെ നഷ്ടങ്ങള്‍; കോണ്‍ഗ്രസിന്റെയും!’; 2019 ല്‍ ഇനി എന്ത്?
എസ്.പി, ബി.എസ്.പി പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 230 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 114 സീറ്റ് സ്വന്തമാക്കി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 109 സീറ്റ് നേടിയ ബിജെപിയാണ് തൊട്ടുപിന്നില്‍. കേവല ഭൂരിപക്ഷത്തിനുവേണ്ട 116 സീറ്റുകള്‍ ഇല്ലാത്തതിനാല്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു. 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് ഇതോടെ അന്ത്യം കുറിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here