നിയമസഭാ കവാടത്തിലെ സമരം; പ്രതിദിനം ചെലവ് 20 ലക്ഷം!

sabha strike

നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിദിനം ചെലവാകുന്നത് ലക്ഷങ്ങള്‍. യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന ഉപവാസത്തിന് പ്രതിദിനം ചെലവാകുന്നത് 20 ലക്ഷത്തിലേറെ. നിയമസഭാ കവാടത്തിലെ സമരത്തിന് ഭീമമായ തുക ചെലവ് വരുന്നതായി ’24’ പുറത്തുവിട്ടു.

പ്രതിപക്ഷം ഈ സമ്മേളനത്തിൽ എന്നും ആവർത്തിക്കുന്ന വിഷയങ്ങൾ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം, പ്രളയാനന്തര കേരളത്തിൽ സർക്കാർ അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കണം എന്നിവയാണ്. എന്നാൽ സഭാ കവാടത്തിലെ മൂന്ന് യുഡിഎഫ് എംഎൽഎമാരുടെ ഉപവാസം ഖജനാവ് ചോർത്തുകയാണ്.

ഖജനാവ് ചോരുന്ന വഴി ഇങ്ങനെ:

എംഎൽഎമാർ ഉപവാസം തുടരുന്നതിനാൽ നിയമസഭാ കെട്ടിടത്തിലെ എസി രാത്രിയടക്കം സദാ സമയവും പ്രവർത്തിപ്പിക്കുകയാണ്. ഡോക്ടർ, നഴ്‌സ്, സുരക്ഷാ ജീവനക്കാർ എന്നിവർക്ക് ഓവർടൈം ആനുകൂല്യം നൽകേണ്ടി വരുന്നു. ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഇലക്ട്രിക്കൽ വിഭാഗത്തിലുള്ളവർ, കുടിവെള്ള വിഭാഗം ജീവനക്കാരൊക്കെ ഡ്യൂട്ടിയിലാണ്. ഇവർക്കും അധിക ബത്ത നൽകേണ്ടി വരുന്നു.

സഭാ സമ്മേളനം സുഗമമായി നടക്കുമ്പോൾ പ്രതിദിന ചെലവ് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. അധിക ബത്തയും വൈദ്യുതി നിരക്കും അടക്കം ഇപ്പോൾ ശരാശരി 20 ലക്ഷം രൂപയോളം വരും പ്രതിദിന ചെലവ്. രണ്ടു ദിവസങ്ങളിലൊഴികെ സഭ ചോദ്യോത്തര വേളയിൽ തന്നെ തടസപ്പെടുകയാണ് പതിവ്.

Read More: യു‍ഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക്

ഡിസംബർ 3നാണ് മൂന്ന് എംഎൽഎമാർ ഉപവാസം തുടങ്ങിയത്. നിയമസഭ അവധിയുള്ള ശനി, ഞായർ ദിവസങ്ങളിലും സൗകര്യങ്ങൾ പതിവുപോലെയായിരുന്നു. എംഎൽഎമാർക്ക് സൗകര്യങ്ങളൊരുക്കാൻ നിയമസഭാ സെക്രട്ടറിയേറ്റിന് ബാധ്യതയുണ്ടെന്നും ചെലവിനെക്കുറിച്ച് ജനം പ്രതികരിക്കട്ടെ എന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ട്വൻറി ഫോറിനോട് പറഞ്ഞു.

സഭാ കവാടത്തിലെ സമരം ഇതാദ്യമല്ല. നേരത്തെയും സഭക്കകത്തും കവാടത്തിലും സമരം നടന്നിട്ടുണ്ട്. അന്നും ഖജനാവിന് ഇത് പോലെ നഷ്ടമുണ്ടായിട്ടുണ്ട്. പ്രളയാനന്തര കേരളത്തിലെ അനാവശ്യ ചെലവിനെക്കുറിച്ച് പ്രതിപക്ഷം ആവർത്തിച്ചു പറയുന്നതിനിടെയാണ് ഈ അധികച്ചെലവ് എന്നതുകൊണ്ട് കൂടിയാണ് ഈ ഉപവാസം ശ്രദ്ധേയമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top