ടെസ്റ്റ് ക്രിക്കറ്റിനൊരുങ്ങി ആറ് വയസുകാരന്‍; ലക്ഷ്യം കോഹ്‌ലിയെ പുറത്താക്കല്‍

തലവാചകം വായിക്കുമ്പോള്‍ ഒരല്പം കൗതുകം തോന്നിയേക്കാം. പക്ഷെ ആര്‍ച്ചി ഷില്ലെര്‍ എന്ന ആറുവയസുകാരനെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ആരും അവന്റെ ആഗ്രഹത്തിന് ഒപ്പം നിന്നുപോകും. മൂന്നുവട്ടം ശസ്ത്രക്രിയ നടത്തിയ ഹൃദയവുമായാണ് ആര്‍ച്ചി ഷില്ലെര്‍ ഓസിസ് ക്രിക്കറ്റ് ടീമിനൊപ്പം പരിശീലിക്കുന്നത്. ഡിസംബര്‍ 26 നു നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ഷില്ലറിന്റെ ക്രിക്കറ്റ് അരങ്ങേറ്റം. ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോഹ്ലിയെ അനായാസം പുറത്താക്കണമെന്നതാണ് ഈ കുട്ടിത്താരത്തിന്റെ ആഗ്രഹം.
ക്രിക്കറ്റിനെ വളരെയധികം സ്‌നേഹിക്കുന്നുണ്ട് ആര്‍ച്ചി ഷില്ലെര്‍. മൂന്നുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഷില്ലെറിന് വെല്ലുവിളിയായി. ഇതിനോടകം തന്നെ മൂന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട് ഈ ആറുവയസുകാരന്‍. തന്റെ ജീവിതത്തിന്റെ കൂടുതല്‍ കാലവും ആശുപത്രിക്കിടക്കയിലാണ് ഷില്ലെര്‍ ചെലവിട്ടത്.
ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കുന്ന മെക്ക് എ വിഷ് ഫൗണ്ടേഷന്റെ ശ്രമഫലമായാണ് ഷില്ലെറിന്റെ ആഗ്രഹം സഫലമാകുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ഈ കുട്ടിത്താരത്തിന്റെ ആഗ്രഹത്തിന് ഒപ്പം ചേരുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here