കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ തിരിച്ചുവരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും: കോടിയേരി

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ തിരിച്ചു വരാതിരിക്കാനുള്ള നടപടികള്‍ ഇടതുകക്ഷികള്‍ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി ജിദ്ദയില്‍ പറഞ്ഞു.

റീ ബില്‍ഡ് കേരള പദ്ധതിയില്‍ പ്രവാസികളുടെ സജീവമായ സഹകരണം ആവശ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ നവോദയ സാംസ്‌കാരികവേദി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

നാല്‍പ്പത് ലക്ഷം സ്ത്രീകള്‍ പങ്കാളികളാകുന്ന വനിതാ മതില്‍ ചരിത്ര സംഭവമാകും. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും വരാതിരിക്കാനാവശ്യമായ എല്ലാ നീക്കുപോക്കുകളും ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതു കക്ഷികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും തിരുവനന്തപുരം കോഴിക്കോട് വിമാനത്താവളങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്നും കോടിയേരി പറഞ്ഞു. ജിദ്ദയിലെ നവോദയ 28-ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ‘നവകേരളം 2018’ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോടിയേരി. ഷറഫിയ ഇംപാല ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top