ജനതാദൾ എസ് സംസ്ഥാന അധ്യക്ഷനായി കെ കൃഷ്ണൻകുട്ടി തന്നെ തുടരും

krishnankutty

തൃശ്ശൂരില്‍ ചേർന്ന ജനതാദൾ എസ് സംസ്ഥാന ഭാരവാഹി യോഗം അവസാനിച്ചു. സംസ്ഥാന അധ്യക്ഷനായി കെ കൃഷ്ണൻകുട്ടി തന്നെ തുടരും. പുതിയ സംസ്ഥാന അധ്യക്ഷനെ ഫെബ്രൂവരിയില്‍ നടക്കുന്ന പാർട്ടി സംസ്ഥാന റാലിക്ക് ശേഷം തിരഞ്ഞെടുക്കാനും യോഗത്തില്‍ ധാരണയായി.

ജെഡിഎസിലെ സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ കൃഷ്ണന്‍കുട്ടി തുടരുന്നത് സംബന്ധിച്ച് പാർട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നത്. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കെ കൃഷ്ണന്‍കുട്ടി പാർട്ടി അധ്യക്ഷ പദവി ഒഴിയണമെന്ന് മാത്യൂ ടി തോമസ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ചേർന്ന സംസ്ഥാന ഭാരവാഹി യോഗം നിലവിലെ സംസ്ഥാന അധ്യക്ഷനെ താല്ക്കാലികമായി നിലനിർത്താന്‍ തീരുമാനിച്ചു.

ഫെബ്രുവരി രണ്ടിന് പാലക്കാട് നടക്കുന്ന പാർടി സംസ്ഥാന റാലിക്ക് ശേഷമാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. എം.പി വീരേന്ദ്രകുമാറിന്റെ എല്‍ജെഡിയുമായുള്ള ലയനത്തിനുള്ള താത്പര്യം ദേശീയ നേതൃത്യത്തെ അറിയിക്കാനും യോഗത്തില്‍ ധാരണയായി. ഇതു സംബന്ധിച്ച് ദേശീയ നേതൃത്യം വീരേന്ദ്രകുമാറുമായി ചർച്ച നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍ വെച്ചാണ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശ്ശൂരില്‍ ചേർന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top