മദീനയില്‍ നാല്‍പ്പത്തിയൊന്ന് തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കിവച്ചു; നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

മദീനയില്‍ നാല്‍പ്പത്തിയൊന്ന് തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെക്കാന്‍ തീരുമാനിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ഇതോടെ ജോലി നഷ്ടപ്പെടും.
ടൂറിസം മേഖലയിലും ഷോപ്പിംഗ് മാളുകളിലും സാമൂഹിക-ജീവകാരുണ്യ മേഖലകളിലുമുള്ള നാല്‍പ്പത്തിയൊന്ന് തസ്തികകളാണ് മദീന പ്രവിശ്യയില്‍ സ്വദേശീവല്‍ക്കരിക്കുന്നത്. ഇതുപ്രകാരം ഷോപ്പിംഗ് മാളുകള്‍ക്കുള്ളിലും ഹോട്ടലുകളിലുമുള്ള ഭൂരിഭാഗം ജോലികളിലും ഇനി സൌദികളെ മാത്രമേ നിയമിക്കാന്‍ സാധിക്കുകയുള്ളൂ. സേഫ്റ്റി-സെക്യൂരിറ്റി ഓഫീസര്‍, ഡാറ്റ എന്ട്രി ക്ലാര്‍ക്ക്, അഡ്മിനിസ്ട്രെറ്റീവ് ക്ലാര്‍ക്ക്, സെക്രട്ടറി, റൂം സര്‍വീസ് സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് സെയില്‍സ് സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ് മാനേജര്‍, റൂം സര്‍വീസ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, സെയില്‍സ് റെപ്രസന്‍റെറ്റീവ്, ടൂറിസം പ്രോഗ്രാം ഡയരക്ടര്‍, എച്ച് ആര്‍ മാനേജര്‍, പര്‍ച്ചേസ് റെപ്രസന്‍റെറ്റീവ്, അക്കൌണ്ടന്റ്, ടിക്കറ്റിംഗ് എജന്റ്റ്, ഈവന്റ് കോര്‍ഡിനേറ്റര്‍ തുടങ്ങിയവ പട്ടികയില്‍ പെടും. ഈ തീരുമാനത്തിന് സൗദി തൊഴില്‍മന്ത്രി അഹമദ് അല്‍രാജി അംഗീകാരം നല്‍കി.
ഷോപ്പിംഗ് മാളുകളില്‍ ഈ നിയമം 2019 ഏപ്രില്‍ ആറിന് പ്രാബല്യത്തില്‍ വരും. ടൂറിസം മേഖലയില്‍ ജൂണ്‍ ഒമ്പതിനാണ് നിയമം പ്രാബല്യത്തില്‍ വരിക. തൊഴില്‍ മന്ത്രാലയവും മദീന ഗവര്‍ണറെറ്റും നേരത്തെയുണ്ടാക്കിയ ധാരണപ്രകാരമാണ് മേഖലയില്‍ സ്വദേശീവല്‍ക്കരണം ശക്തിപ്പെടുത്തുന്നത്. ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന മദീനയില്‍ ഈ തസ്തികകളില്‍ ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here