കെഎസ്ആര്‍ടിസി എംപാനൽ ജീവനക്കാരെ ഇന്ന് തന്നെ പിരിച്ചു വിടണം: ഹൈക്കോടതി

kerala high court

കെഎസ്ആര്‍ടിസി എംപാനൽ ജീവനക്കാരെ ഇന്ന് തന്നെ പിരിച്ചു വിടണം എന്ന് ഹൈക്കോടതി. ഇന്ന് മുതൽ ഒരു എംപാനൽ ജീവനക്കാരനും ജോലിക്കു കയറുന്നില്ല എന്ന് കാണിച്ചു സത്യവാങ്‌മൂലം നല്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പിഎസ് സി അഡ്വൈസ്  ചെയ്തവരെ പകരം ഇന്ന് തന്നെ നിയമിക്കണം.  ജനങ്ങളെയും കോടതിയെയും വിഡ്ഢികൾ ആക്കുകയാണെന്നും എന്താണ് ചെയ്യേണ്ടത് എന്ന് കോടതിക്ക് അറിയാമെന്നും കോടതി നിശിതമായി വിമര്‍ശിച്ചു.ജസ്റ്റിസ് ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരാണ് ഉത്തരവിട്ടത്. നാളെ കെഎസ്ആര്‍ടിസി എംഡി  സത്യവാങ്മൂലം നൽകണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും നാളെ പരിഗണിക്കുന്നതിനായി മാറ്റി.

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പകരം പിഎസ്‌സി പട്ടികയില്‍ ഉളളവരെ നിയമിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നു. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാൻ ഹൈക്കോടതി അനുവദിച്ച കാലാവധി ഇന്നാണ് പൂർത്തിയാവുക. കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോൾ ഉത്തരവ് നടപ്പാക്കാത്തതിന് കെഎസ്്ആര്‍ടിസിയെ  ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി കെഎസ്ആര്‍ടിസി വാക്കാല് കോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയതായും കെഎസ്ആര്‍ടിസി കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ നിങ്ങള്‍ യാത്രക്കാരെയും കോടതിയെയും ഒരേ പോലെ വട്ടംചുറ്റിക്കുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.
ഇന്ന് ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ ഇല്ല എന്ന് കെഎസ്ആര്‍ടിസി ഉറപ്പുവരുത്തണം.നാളെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി നേരിട്ട് സത്യവാങ്മൂലമായി നല്‍കണം. അല്ലെങ്കില്‍ എന്തുനടപടി എടുക്കണമെന്ന് കോടതിക്ക് അറിയാമെന്നു കോടതി ഓര്‍മ്മിപ്പിച്ചു. കെ എസ് ആര്ടിസി തലപ്പത്തുള്ളവരെ വരെ മാറ്റാനുള്ള കഴിവ് കോടതിക്കുണ്ട്. അത് ചെയ്യിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. ഇതോടെ കെഎസ്ആർടിസി കോടതിയിൽ നൽകിയ കണക്ക് പ്രകാരം 4071 ജീവനക്കാരാണ് തൊഴിൽ രഹിതരാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top