അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളി കമൽനാഥ്

മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളി കമൽനാഥ്. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളാണ് എഴുതിത്തള്ളാനുള്ള
ഉത്തരവിലാണ് കമൽനാഥ് ഒപ്പുവെച്ചു. തെരഞ്ഞെടപ്പിൽ കോൺഗ്രസ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനമാണ് ഇത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു കാർഷിക പ്രതിസന്ധി. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ കോർപ്പറേറ്റ് മുതലാളിമാരുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളുമ്പോൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നായിരുന്നു കോൺഗ്രസ് ആരോപാണം. അധികാരത്തിലെത്തിയ ഏഴ് ദിവസത്തിനകം മൂന്ന് സംസ്ഥാനങ്ങളിലെയും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റ് മണിക്കൂറുകൾക്കകം ഇത് യാഥാർത്ഥ്യമാക്കിയിരക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്.
കടം എഴുതിത്തള്ളുന്നതിലൂടെ സംസ്ഥാന ഖജനാവിന് അമ്പതിനായിരം കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നിർണ്ണായക തീരുമാനവും മുഖ്യമന്ത്രിയെന്ന നിലയിൽ കമൽനാഥ് ഇന്നെടുത്തു. തൊഴിലവസരങ്ങളുടെ 70 ശതമാനവും മധ്യപ്രദേശുകാർക്ക് മാറ്റി വെച്ചില്ലെങ്കിൽ വ്യവസായ സ്ഥാപനങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകില്ലെന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള തീരുമാനത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വാഗതം ചെയ്തു. ഒരി സംസ്ഥാനം വാക്ക് പാലിച്ചെന്നും, രാജസ്ഥാൻറെയും ഛത്തീസ്ഗഢും
പിന്നാലെ തീരുമാനം എടുക്കുമെന്നും രാഹുൽ പറഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതോടെ ഹിന്ദി ഹൃദയ ഭൂമിയിൽ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയതിനേക്കാൾ
നേട്ടം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് കോൺഗ്രസിൻറെ കണക്ക് കൂട്ടൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here