സിഖ് വിരുദ്ധ കലാപം; കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാർ കുറ്റക്കാരനെന്ന് ഡൽഹി ഹൈക്കോടതി

സിഖ് വിരുദ്ധ കലാപത്തിൽ പ്രതിയായിരുന്ന കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാർ കുറ്റക്കാരനെന്ന് ഡൽഹി ഹൈക്കോടതി. സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടി, ഡൽഹി ഹൈക്കടോതി റദ്ദാക്കി. സജ്ജൻ കുമാർ ഡിസംബർ 31നകം കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.
1984 ലെ സിഖ് വിരുദ്ധ കലപത്തിനിടെ ഡൽഹി കന്റോൺമന്റിലെ രാജ നഗരിലുള്ള ഒരു സിഖ് കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ കേസിലാണ് ഹൈ കോടതിയുടെ വിധി. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാർ ഉൾപ്പെടെയുള്ള 6 പേരെ പ്രതി ചേർത്ത് സിബിഐ വിചാരണ കോടതിയിൽ കുറ്റപത്രം നൽകിയത്. പക്ഷേ 2013ൽ വിചാരണ കോടതി സജ്ജൻ കുമാറിനെ വെറുതെ വിടുകയും ബാക്കി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സിബിഐയും ഇരകളുടെ കുടുംബവും നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇന്നത്തെ വിധി. വിചാരണ കോടതി വിധി റദ്ദാക്കി സജ്ജൻ കുമാറിനെ ജീവപര്യന്തം തടവിനും 5 ലക്ഷം രൂപ പിഴ അടക്കനും കോടതി ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here