പ്രണയിനിയെ തേടി പാകിസ്ഥാനിലെത്തി; ഒടുവില്‍ ചാരനെന്ന് മുദ്രകുത്തപ്പെട്ടു!

പ്രണയിനിയെ തേടി പാകിസ്ഥാനിലെത്തി, ഇന്ത്യന്‍ ചാരനെന്ന് മുദ്ര കുത്തപ്പെട്ട് ജയിലിലായ ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിയെ പാകിസ്ഥാന്‍ മോചിപ്പിച്ചു.

2012ലാണ് ഹാമിദ് അന്‍സാരി പാക് സുരക്ഷ ഉദ്യഗസ്ഥരുടെ പിടിയിലാകുന്നത്. ആറ് വര്‍ഷത്തെ തടവിന് ശേഷം ജനിച്ച മണ്ണില്‍ തിരിച്ചെത്തിയ ഹാമിദ് അന്‍സാരിയെ വാഗ അതിര്‍ത്തിയില്‍ കുടുംബാംഗങ്ങള്‍ വികാര നിര്‍ഭരമായ സ്വീകരണം നല്‍കി. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തിരിച്ചെത്തുന്ന മകനെ വരവേല്‍ക്കാന്‍ ഫൌസിയ – നെഹാല്‍ അഹമ്മദ് ദമ്പതികള്‍ നേരത്തെ തന്നെ വാഗ അതിര്‍ത്തിയില്‍ എത്തി. കുടുംബാംഗങ്ങള്‍ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തകരും‍ രാഷ്ട്രീയ പ്രമുഖരും ഹാമിദിനെ സ്വീകരിക്കാനെത്തിയിരുന്നു.

ഒരു സിനിമാ കഥ പോലെയാണ് ഹാമിദ് അന്‍സാരിയുടെ ജീവിതം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക് യുവതിയുമായി പ്രണയത്തിലാകുന്നു. പ്രണയം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുന്നു.
പെണ്‍കുട്ടിയുമായി ആശയ വിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും കൊട്ടിയടക്കപ്പെടുന്നു. ഒടുവില്‍ കാമുകിയെ തേടി ഹാമിദ് അന്‍സാരി പാകിസ്ഥാനിലേക്ക് പുറപ്പെടുന്നു. വിസ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍ വഴി പാകിസ്ഥാനിലെ കൗത്തയില്‍ എത്തിയ ഹാമിദിനെ സുരക്ഷ സേന പിടികൂടുന്നു. നിയമവിരുദ്ധമായി പാകിസ്ഥാനില്‍ കടന്ന ഇന്ത്യന്‍ പൗരനെ ചാരനെന്ന് മുദ്രകുത്തി ജയിലില്‍ അടക്കുന്നു.

നിരപരാധിത്വം ലോകത്തോട് വിളിച്ചുപറഞ്ഞ് കഴിഞ്ഞ ആറ് വര്‍ഷമായി മകന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഹാമിദിന്റെ മാതാപിതാക്കള്‍. ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിതാന്ത ശ്രമങ്ങള്‍ക്കൊടുവില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇടപെടലാണ് ഹാമിദിന്റെ മോചനത്തിന് വഴി വെച്ചത്. ഇന്ന് രാവിലെ ജയില്‍ മോചിതനായ ഹാമിദ് അന്‍സാരി വാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി. ഹാമിദനെ മാതാപിതാക്കളും ഇന്ത്യന്‍ അധികാരികളും
വികാര ഭരിതമായ സ്വീകരണമാണ് നല്‍കിയത്. മുംബൈ സ്വദേശിയായ അന്‍സാരി എന്‍ജിനീയര്‍ ബിരുദ ധാരിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top