അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയ വിദ്യാർത്ഥിനിയെ ഡീബാർ ചെയ്ത നടപടി; പ്രതിഷേധത്തിനൊരുങ്ങി വിദ്യാർത്ഥി സംഘടനകൾ

അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ജെഎൻയൂ വിദ്യാർത്ഥിനിയെ ഡീബാർ ചെയ്ത നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി വിദ്യാർത്ഥി സംഘടനകൾ. പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തിയാൽ പരാതിക്കാരിയെ ഡീബാർ ചെയ്യാമെന്ന ഇൻറേണൽ കംപെയിൻറ് കമ്മിറ്റിയുടെ വിവാദ വ്യവസ്ഥയാണ് പരാതിക്കാരിയെ പുറത്താക്കുന്നതിന് കാരണമായത്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ലിംഗനീതിയും സ്ത്രീ സുരക്ഷയും ഉറപ്പാക്കാനായാണ് ജിഎസ് കാഷ് എന്ന സംവിധാനം കൊണ്ടു വന്നത്.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപെടുന്ന ഈ കമ്മിറ്റിക്കു പകരമായി 2017ൽ സർവകലാശാല ഐസിസിയെ നിയമിച്ചു. വൈസ് ചാൻസിലറാണ് കമ്മിറ്റി തലവൻ. അദ്ദേഹം നിശ്ചയിക്കുന്ന ആളുകളാണ് കമ്മിറ്റിയിലെ അംഗങ്ങൾ. പരാതി വ്യാജമാണെന്ന് കണ്ടെത്തിയാൽ വിദ്യാർത്ഥികളെ ഡീബാർ ചെയ്യാമെന്ന വിവാദ തീരുമാനം ഈ കമ്മിറ്റിയാണ് കൈകൊണ്ടത്. അന്ന് തന്നെ പരാതി നൽകുന്ന വിദ്യാർത്ഥികൾക്കെതിരെയായ ആയുധമായി ഇത് ഉപയോഗിക്കപെടുമെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് ശരിവക്കുന്നതാണ് ഇപ്പാൾ വിദ്യാർത്ഥിനിക്കെതിരെ ഉണ്ടായ നടപടി.
പെൺകുട്ടിയെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും, വിവാദ തീരുമാനം കൈകൊണ്ട കമ്മിറ്റിയുടെ നിയമനം പുനപരിശോധിക്കണമെന്നും ആവശ്യപെട്ട് വിദ്യാർത്ഥി യൂണിയൻ വൈസ് ചാൻസിലറെ കാണാൻ ശ്രമിച്ചുവെങ്കിലും, അനുമതി നൽകിയില്ല.
തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുവാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here