ട്രാഫിക് പൊലീസുകാരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നതായി പരാതി

തലസ്ഥാനത്ത് ട്രാഫിക്ക് പൊലീസുകാർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്ന് മർദ്ദനമേറ്റ സി.പി.ഒ ശരത്. തന്നെ മർദ്ദിച്ചവരിൽ പ്രധാനിയായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം യൂണിവേഴ്സിറ്റി കോളേജിൽ വന്നു പോകാറുണ്ട്. പ്രതിയേക്കുറിച്ചു വിവരം നൽകിയിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും ശരത് തിരുവനന്തപുരത്ത് ’24’ നോട് പറഞ്ഞു.

Read More: 40 ഉത്പന്നങ്ങളുടെ ജിഎസ്ടി നികുതി കുറച്ചു

ട്രാഫിക് നിയമം ലംഘിച്ചതു ചോദ്യം ചെയ്തതിനാണ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികൾ പോലീസുദ്യോഗസ്ഥരെ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ സി.പി.ഒ ശരത് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നു ഇന്നലെയാണ് പോലീസ് ശരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ പല തവണ ആവശ്യപ്പെട്ടിട്ടും തന്നെ മർദ്ദിച്ചവരിൽ പ്രധാനിയായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗത്തെ പോലീസ് കസ്റ്റഡിയിലെടുക്കുന്നില്ലെന്നാണ് ശരത് പറയുന്നത്. ഇയാൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂണിവേഴ്സിറ്റി കോളേജിൽ വന്നു പോകാറുണ്ടെന്നും പോലീസിന്റെ തൊട്ടു മുൻപിലുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാത്തത് പ്രതികളെ സംരക്ഷിക്കാനാണെന്നും ശരത് കുറ്റപ്പെടുത്തി.

Read More: വനിതാമതിലിന് വേണ്ടി സർക്കാർപണം ഉപയോഗിക്കുന്നുവെന്ന നിഗമനത്തിൽ ഹൈക്കോടതി

പ്രതികളെ സംരക്ഷിക്കാൻ ഉന്നതതലത്തിൽ നിന്ന് ശ്രമം നടക്കുന്നുണ്ടെന്നും എന്തു പ്രതിസന്ധി വന്നാലും നിയമപോരാട്ടത്തിൽ നിന്നു പിൻമാറില്ലെന്നും ശരത് കൂട്ടിച്ചേർത്തു. ശരത്തിന്റെ അമ്മയുടെ അഭ്യർഥന പ്രകാരം പത്തു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top