യുവതികളെ മാറ്റിയത് നിലയ്ക്കലേക്ക്; ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് മനിതി സംഘം

ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തെ പോലീസ് സുരക്ഷിതമായി മാറ്റിയത് നിലയ്ക്കലേക്ക്. എന്നാല്‍ ഇവിടെ നിന്ന് മാറുന്നുണ്ടെങ്കിലും ദര്‍ശനം നടത്താതെ തിരികെ പോകാന്‍ തയ്യാറല്ലെന്ന് മനിതി സംഘാംഗം 24നോട് വ്യക്തമാക്കി. അല്‍പം മുമ്പാണ് മനിതിയുടെ ആറംഗ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പിന്നാലെ യുവതികളേയും കൊണ്ട് പോലീസ് മുന്നോട്ട് പോകാന്‍ ആരംഭിച്ചപ്പോഴായിരുന്നു മിന്നലാക്രമണം. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പോലീസും പതറിപ്പോയി. യുവതികള്‍ ചിതറിയോടിയെങ്കിലും പോലീസ് ഇവരെ പെട്ടെന്ന് തന്നെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. പോലീസ് നിര്‍ബന്ധിച്ചതിനാലാണ് ഇവിടെ നിന്ന് മടങ്ങുന്നതെന്നും ദര്‍ശനം നടത്താതെ തിരികെ മടങ്ങില്ലെന്നുമാണ് ഇവര്‍ 24നോട് വ്യക്തമാക്കിയത്.
പമ്പയില്‍ സംഘര്‍ഷം; മനിതി പ്രവര്‍ത്തകരെ പ്രതിഷേധക്കാര്‍ ആക്രമിച്ചു
മനിതിയുടെ ആദ്യ സംഘം പുലര്‍ച്ചെ അഞ്ചരയോടെയാണ് പമ്പയിലേക്ക് എത്തിയത്. ഇവിടെ നിന്ന് കെട്ടുനിറച്ച് മലചവിട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ കെട്ടുനിറയ്ക്കാന്‍ ഇവിടുത്തെ പൂജാരിമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സ്വയം കെട്ടുനിറച്ചാണ് ഇവര്‍ ദര്‍ശനത്തിനായി ഇറങ്ങിയത്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. പിന്നീട് റോഡില്‍ യുവതികള്‍ കുത്തിയിരുന്നു. ഏതാണ്ട് ആറ് മണിക്കൂറോളം ഇവര്‍ ഇവിടെ കുത്തിയിരുന്നു. അതിനിടെ നിരവധി തവണ പോലീസ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും യുവതികള്‍ തയ്യാറായില്ല. ഇതിനിടെ നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയിരിക്കരുതെന്നും ഇവിടെ നിന്ന് പിരിഞ്ഞ് പോകണമെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും ഇവര്‍ തിരികെ പോകാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് അറസ്റ്റും, നാടകീയ സംഭവങ്ങളും അരങ്ങേറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here