പാലക്കാട് കല്ലടിക്കോട് വൻ സ്ഫോടക വസ്തു ശേഖരം പിടിച്ചു

പാലക്കാട് കല്ലടിക്കോട് വൻ സ്ഫോടക വസ്തു ശേഖരം പിടിച്ചു. തമിഴ്നാട്ടിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് ലോറിയിൽ കടത്താൻ ശ്രമിക്കുകയായിരുന്ന നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്കാണ് പോലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് വെച്ച് ഞായറാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. 160 പെട്ടികളിലായി നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്ക്, 48 ബോക്സ് ഫ്യൂസ് വയർ എന്നിവയാണ് പിടികൂടിയത്. ലോറിയിൽ പഴങ്ങൾക്കിടയിൽ വെച്ച് കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു ഇവ. തമിഴ്നാട് തെങ്കാശി സ്വദേശി സുശാന്ദ്രകുമാർ, പുതുക്കോട്ട സ്വദേശി ആനന്ദ് ജ്യോതി എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത വസ്തുക്കൾ തമിഴ്നാട്ടിലെ അമ്പുരിൽ നിന്നും മലപ്പുറം ജില്ലയിലെ മഞ്ചേരിയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവർ പറഞ്ഞത്. ഇതിന് മുൻപും ഇത്തരത്തിൽ ഇവർ സ്ഫോടക വസ്തുക്കൾ കടത്തിയതായാണ് സൂചന. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾക്ക് വിപണിയിൽ ഏകദേശം ഏഴ് ലക്ഷം രൂപ വില വരും. അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ സ്ഫോടക വസ്തു ശേഖരമാണിതെന്ന് പോലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here