സൗദിയില്‍ ഓറഞ്ചുത്സവം ആരംഭിച്ചു

സൗദിയിലെ ഹരീഖില്‍ ഓറഞ്ചുത്സവം ആരംഭിച്ചു. വിവിധയിനം ഓറഞ്ചുകളും മറ്റു പഴവര്‍ഗങ്ങളും മേളയിലുണ്ട്. പതിനായിരങ്ങളാണ് മേള സന്ദര്‍ശിക്കാന്‍ എത്തുന്നത്.
റിയാദില്‍ നിന്നും മുന്നൂറോളം കിലോമീറ്റര്‍ അകലെയാണ് ഹരീഖ്. പഴവര്‍ഗങ്ങള്‍ സമൃധിയായി കൃഷി ചെയ്യുന്ന ഒരു കൊച്ചുപ്രദേശം. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഓറഞ്ചുല്‍സവമാണ് പുറത്തുള്ളവരെ പ്രധാനമായും ഹരീഖിലെത്തിക്കുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മൂന്നാമത് ഓറഞ്ചുല്‍സവം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഹരീഖില്‍ കൃഷി ചെയ്യുന്ന വിവിധ തരം ഓറഞ്ചുകള്‍ക്ക് പുറമേ വൈവിധ്യമാര്‍ന്ന ചെറുനാരങ്ങകളും ഈത്തപ്പഴങ്ങളും തേനുമെല്ലാം മേളയില്‍ ഒരുക്കിയിട്ടുണ്ട്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും പഴവര്‍ഗങ്ങള്‍ കയറ്റുമതി ചെയ്യുന്നു. രുചിയും ഗുണമേന്മയും കൂടിയ ഇവിടുത്തെ പഴവര്‍ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്നു ഹരീഖ് നഗരസഭയില്‍ ജോലി ചെയ്യുന്ന വയനാട് സ്വദേശി സുലൈമാന്‍ പറഞ്ഞു. ഹരീഖ് ഗവര്‍ണരേറ്റ്, കൃഷിമന്ത്രാലയം, നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓറഞ്ചുമേള നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here