തീയറ്ററുകളിലെ മൂത്രപ്പുരയിലെ സിഗററ്റ് വലി; മൂന്നാം ക്ലാസുകാരന്റെ പരാതി ഫലം കണ്ടു

smoking

സിനിമയുടെ ഇടവേളയില്‍ മൂത്രപ്പുരയില്‍ സിഗരറ്റ് പുകയില്‍ കുടുങ്ങിയ മൂന്നാം ക്ലാസുകാരന്റെ പരാതി പരിഗണിച്ച് സിനിമാ തിയേറ്ററുകളില്‍ പുകവലി നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ കൊല്ലം ജില്ലാ കലക്ടറുടെ നിര്‍ദേശം. സിഗരറ്റ് വലിച്ചാല്‍ കാന്‍സര്‍ ബാധിക്കുമെന്ന പരസ്യം പ്രദര്‍ശിപ്പിക്കുന്ന നഗരത്തിലെ തിയേറ്ററിന്റെ മൂത്രപ്പുരയില്‍ ഒരുപാടുപേര്‍ സിഗരറ്റ് വലിക്കുന്നുണ്ടെന്നും ഇത് നിര്‍ത്തലാക്കാന്‍ നടപടി വേണമെന്നുമായിരുന്നു കൊല്ലം മൗണ്ട് കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥി അഭിനവ് എസ്. അനില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ ആവശ്യപ്പെട്ടത്.
ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ജില്ലയിലെ തിയേറ്റര്‍ ഉടമകളുടെയും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചാണ് തിയേറ്ററുകള്‍ പുകവലിരഹിതമാണെന്ന് ഉറപ്പാക്കാന്‍ തീരുമാനമെടുത്തത്.എക്സൈസ്, പോലീസ് വകുപ്പുകള്‍ നടത്തുന്ന പരിശോധനയില്‍ ഈ നിര്‍ദേശം ലംഘിക്കപ്പെടുന്നതായി കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ കോപ്ട നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

തിയേറ്ററുകളിലെ മൂത്രപ്പുരയിലും ഇടനാഴികളിലും പുകവലി നിരോധിത മേഖലയാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി.  കൊല്ലം നഗരപരിധിയിലുള്ള തിയേറ്ററുകളില്‍ പുകവലി ശ്രദ്ധയില്‍പെട്ടാല്‍ 9400069441, 9400069454 എന്നീ നമ്പരുകളില്‍ അറിയിക്കാം. അഞ്ചല്‍-9400069462, പുനലൂര്‍-9400069450, കരുനാഗപ്പള്ളി-9400069443, പരവൂര്‍-9400069455 എന്നിവയാണ് മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പരാതി അറിയിക്കാവുന്ന നമ്പരുകള്‍. ഇതിന് പുറമേ ജില്ലയില്‍ ഏത് സ്ഥലത്തുനിന്നും 0474-2745648, 9496002862, 9447178054 എന്നീ നമ്പരുകളില്‍ വിളിച്ചറിയിച്ചാലും നടപടി സ്വീകരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More