Advertisement

വനിതാ മതില്‍ പ്രതിജ്ഞ പുറത്തിറക്കി

December 30, 2018
Google News 1 minute Read

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വനിതാ മതിലിനായുള്ള പ്രതിജ്ഞ പുറത്തിറക്കി. വനിതാ മതിലില്‍ അണിചേരുന്നവര്‍ ഈ പ്രതിജ്ഞ ചൊല്ലിയാകും കൈകള്‍ കോര്‍ത്തുപിടിക്കുക.

വനിതാ മതിൽ പ്രതിജ്ഞയിൽ പരോക്ഷമായി നിറഞ്ഞു നിൽക്കുന്നത് ശബരിമല യുവതീ പ്രവേശന വിഷയം. യുവതീ പ്രവേശനമല്ല വനിതാ മതിലിന്റെ ലക്ഷ്യമെന്ന് സംഘാടകർ ആവർത്തിക്കുന്നതിനിടെയാണ് പരോക്ഷമായി അതിനെ അനുകൂലിക്കുംവിധം പ്രതിജ്ഞ തയ്യാറാക്കിയിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ പ്രതിജ്ഞയിൽ ശബരിമല എന്ന വാക്കില്ല. യുവതീ പ്രവേശനമെന്നും പറയുന്നില്ല. എന്നാൽ, പ്രതിജ്ഞ ആദ്യന്തം സുപ്രീം കോടതി വിധിയും അതിനെതിരായ പ്രക്ഷോഭകർക്കുള്ള മറുപടിയുമാണ്. സ്ത്രീ പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണക്കാനും കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനുമാണ് അണി ചേരുന്നതെന്ന് പ്രതിജ്ഞയുടെ തുടക്കത്തിൽ തന്നെയുണ്ട്.

യുവതീ പ്രവേശനമല്ല മതിലിന്റെ ലക്ഷ്യമെന്ന് എസ്എൻഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറയുന്നുണ്ട്. പക്ഷേ പ്രതിജ്ഞയിൽ അടിമുടി ശബരിമല എന്നെടുത്തു പറയാതെ ഇതേ വിഷയമാണ് പരാമർശിക്കുന്നത്

വനിതാ മതില്‍ – പ്രതിജ്ഞ പൂര്‍ണ്ണരൂപം: 

പുതുവര്‍ഷ ദിനത്തില്‍ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.

ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു. 

മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.

മുന്നോട്ടുള്ള വളര്‍ച്ചയ്ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്‍റെ പുതിയ മുഖങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളില്‍ കുരുങ്ങിയവര്‍ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.

പരസ്പര അംഗീകാരത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും ലോകത്താണ് സ്ത്രീയുടെയും പുരുഷന്‍റെയും ജീവിതം സര്‍ഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹ്യ വിമോചനത്തിന്‍റെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്നേഹിക്കുന്നവര്‍ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്‍റെ നിലപാടിനെ നമ്മള്‍ ആദരവോടെ കാണുന്നു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here