എംപാനൽ കണ്ടക്ടർമാരെ പുനർ നിയമിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും

കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ പുനർ നിയമിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. പിരിച്ചു വിട്ടവർക്ക് ഒഴിവ് അനുസരിച്ച് കരാർ നിയമനം നൽകാനാണ് നീക്കം. കഴിഞ്ഞ 27 ന് ചേർന്ന യോഗത്തിൽ പിരിച്ചുവിട്ട കണ്ടക്ടർമാരുടെ പുനർനിയമന സാധ്യതകൾ കെഎസ് ആർ ടി സി മാനേജ്മെന്റ് പരിശോധിച്ചിരുന്നു.
നിലവിലെ ബസുകളും അതിന് ആവശ്യമായ തസ്തികകളുടെയും എണ്ണം കണക്കാക്കിയ ശേഷം, ഒഴിവിന് അനുസരിച്ച് കരാർ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടവരെ പുനർനിയമിക്കാനാണ് ആലോചന. പിഎസ്.സി നിയമനോപദേശം നൽകിയതിൽ 1400 ഓളം പേർ മാത്രമെ ജോലിയിൽ പ്രവേശിച്ചിട്ടുള്ളു. ഈ സാഹചര്യത്തിൽ സർവ്വീസുകൾ മുടങ്ങാതിരിക്കാൻ ആയിരത്തോളം കണ്ടക്ടർമാരെക്കൂടി കെഎസ്ആർടിസി നിയമിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ പിഎസ് സി നിയമനോപദേശം ലഭിച്ചവർക്ക്, ഉത്തരവ് ലഭിച്ചാൽ 45 ദിവസത്തെ സാവകാശം ജോലിയിൽ പ്രവേശിക്കാൻ നൽകണം. ഈ സാഹചര്യത്തിൽ തിടുക്കത്തിൽ എംപാനലുകാരെ തിരിച്ചെടുത്താൽ വീണ്ടു പിരിച്ചു വിടേണ്ടി വരുമൊ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഗതാഗത മന്ത്രിയെക്കൂടാതെ കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി, ഗതാഗത സെക്രട്ടറി ജ്യോതിലാൽ, നിയമ- ധന വകുപ്പ് സെക്രട്ടറിമാരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here