Advertisement

ശബരിമല കര്‍മ്മ സമിതിയുടെ മാര്‍ച്ചില്‍ വ്യാപക അക്രമം

January 2, 2019
Google News 1 minute Read

ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച മാർച്ചിൽ വ്യാപക അക്രമം. കോഴിക്കോട് സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച് മാനാഞ്ചിറ എത്തുന്നത് വരേയും, അക്രമം തുടർന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും കൈയ്യേറ്റമുണ്ടായി. ’24’ന്റെ ക്യാമറാമാന് പരിക്കേറ്റു. വടകരയിൽ ബിജെപി പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ബസ് അടിച്ചു തകർത്തു.

നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ശബരിമല കർമ്മ സമിതിയുടെ പ്രതിഷേധ മാർച്ച് അരങ്ങേറിയത്. ശബരിമല കർമ്മ സമിതിയുടെ മറവിൽ ആർ.എസ്.എസ്, ബിജെപി, യുവമോർച്ച പ്രവർത്തകരാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ബാരിക്കേഡുകൾ അടിച്ച് തകർത്തും കടകൾക്ക് നേരെ കല്ലെറിഞ്ഞും ബസുകളിൽ അടിച്ചും വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയും, മറ്റ് സംഘടനകളുടെ കൊടി തോരണങ്ങൾ നശിപ്പിച്ചും നഗരത്തിൽ അഴിഞ്ഞാടി. നാളെ കടകൾ തുറക്കരുതെന്ന് ഭീഷണിപ്പെടുത്തി.

കല്ലേറിൽ പാലാഴി സ്വദേശി വിൻസിക്ക് പരിക്കേറ്റു. റിപ്പോർട്ടർ ടിവിയുടെ ഓഫിസിനു നേരെയും കല്ലേറുണ്ടായി. മൊബൈൽ ഫോണിൽ ദൃശ്യങ്ങളെടുത്ത വഴിയാത്രക്കാർക്ക് നേരെ അസഭ്യ വർഷവും ഭീഷണിയും.

മുന്നിൽ കരിങ്കൊടികളുമായി വനിതകളെ അണിനിരത്തിയ മാർച്ച് മാനാഞ്ചിറ എത്തുമ്പോഴേക്കും ജനനിബിഡമായിരുന്നു.  അവിടെ മാധ്യമപ്രവർത്തകരെ സംഘം ചേർന്ന് ആക്രമിക്കാനുള്ള ശ്രമമുണ്ടായി. ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച ’24’ ക്യാമറാമാൻ സുബൈറിനെ മർദ്ദിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 ക്യാമറാമാന്മാർ ഉൾപ്പെടെയുള്ളവർക്ക് നേരെയും കൈയേറ്റമുണ്ടായി. മാധ്യമ പ്രവർത്തകരെ മർദ്ദിക്കാൻ പദ്ധതിയുണ്ട്, സൂക്ഷിക്കണമെന്ന് പറഞ്ഞ പോലീസിന് പക്ഷെ അവശ്യമായ സുരക്ഷയൊരുക്കാൻ സാധിച്ചില്ല.

വടകര ടൗണിൽ ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചും അക്രമാസക്തമായി. പ്രവർത്തകർ പോലീസിനു നേരെ കല്ലെറിഞ്ഞു. ബസ് അടിച്ചു തകർത്തു. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ജില്ലയിലെ മറ്റ് റൂറൽ മേഖലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here