ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം; കടകൾ അടപ്പിച്ചു; വാഹനങ്ങൾക്ക് നേരെ ആക്രമണം; കല്ലേറ്

ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം . പ്രതിഷേധക്കാർക്ക് നേരെ പലയിടത്തും പൊലീസ് ലാത്തിവീശി . തുറക്കാൻ ശ്രമിച്ച കടകൾ അടപ്പിച്ചു . സിപിഐഎം ബിജെപി ഓഫീസുകൾക്ക് നേരെയും പരക്കെ ആക്രമണം ഉണ്ടായി .കോഴിക്കോട് ജില്ലയിൽ ഹാർത്തലുമായി ബന്ധപ്പെട്ട് വ്യാപക ആക്രമണമാണ് നടന്നത്. പന്നിക്കോട് എയർപോർട്ട് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയ സമരാനുകൂലികളെ പോലീസ് വിരട്ടിയോടിച്ചു. താമരശ്ശേരി പോലീസ് സ്‌റ്റേഷന് സമീപത്ത് മുഖംമൂടി ധരിച്ച ബിജെപി പ്രവർത്തകർ വാഹനങ്ങൾ തടയുകയും യാത്രക്കാരെ മർദ്ദിക്കുകയും ചെയ്തു.
എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ ലോറിക്ക് നേരെ കല്ലെറിഞ്ഞു. ഡ്രൈവർക്കും ക്ലീനർക്കും മർദ്ദനമേറ്റു. വടകരയിൽ അരങ്ങേറിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ ആക്രമിച്ചതിനും കെഎസ്ആർടിസി ബസ് തകർത്തതിനുമാണ് അറസ്റ്റ്. ഇന്നലെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. ഓമശ്ശേരിയിൽ ഹാർത്താലാനുകൂലികൾ ഹോട്ടലിന്റെ ചില്ല് അടിച്ചു തകർത്തു.തുടർന്ന് ഓമശ്ശേരിയിൽ വ്യാപാരികൾ ഹർത്താലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
വയനാട്ടിൽ ബാംഗ്ലൂരിൽ നിന്നും വന്ന കെഎസ്ആർടിസി ബസിന് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ബത്തേരിയിൽ വെച്ച ഹാർത്തലാനുകൂലികൾ കല്ലേറിഞ്ഞു. വയനാട്ടിൽ 13 ബിജെപി പ്രാദേശിക നേതാക്കളെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. മാനന്തവാടിയിൽ വ്യപാര സ്ഥാപനങ്ങൾ തുറന്നു അതേസമയം പുൽപ്പള്ളിയിൽ ഷാജി ടെക്സ്സ്റ്റയിൽ ഹാർത്താലാനുകൂലികൾ അടിച്ചു തകർത്തു
തൃശൂർ നഗരത്തിൽ പ്രതിഷേധപ്രകടനത്തിനെതിയ ഹർത്താൽ അനുകൂലികളും പോലീസും തമ്മിൽ തർക്കം ഉടലെടുത്തു. സംഘർഷാവസ്ഥയെ തുടർന്ന് പോലീസ് ലാത്തിവീശി. മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റ ശ്രമം നടന്നു. കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമം നടത്തിയതും സംഘർഷത്തിൽ കലാശിച്ചു
ചാലക്കുടി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ തുറന്നു പ്രവർത്തിച്ചിരുന്ന കാന്റീൻ ബി.ജെ.പി. പ്രവർത്തകർ അടിച്ചു തകർത്തു. കുഴൂർ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. കൊച്ചുകടവിൽ ബി.എം.എസ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി. വടക്കാഞ്ചേരി ഏങ്കക്കാട് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം നടന്നു. ശക്തൻ സ്റ്റാന്റിൽ കർണാടക ആർ.ടിസി ബസിന് നേരെ കല്ലേറുണ്ടായി. വടക്കാഞ്ചേരിയിൽ സി.പി.എം ഓഫീസിന് നേരേയും ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here