ശബരിമല യുവതീ പ്രവേശനം: പ്രക്ഷോഭം ശക്തമാക്കാൻ അയ്യപ്പ കര്‍മ്മ സമിതി

ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ശബരിമല കര്‍മ്മ സമിതി തീരുമാനം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ് തീരുമാനം. അയ്യപ്പഭക്തരെ സന്നിധാനത്തും പമ്പയിലും തടഞ്ഞുനിര്‍ത്തി വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് ആചാരലംഘനത്തിന് സഹായം ചെയ്ത് കൊടുത്ത പോലീസ് ശബരിമലയില്‍ നിന്ന് കുടിയൊഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. ശബരിമലയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാമെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അവഗണിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 11,12,13തീയ്യതികളില്‍ അയ്യപ്പരഥയാത്രകള്‍ സംഘടിപ്പിക്കും. ജനുവരി 14ന് മകരവിളക്ക് ദിനത്തില്‍ അയ്യപ്പജ്യോതി തെളിയിക്കും. ക്ഷേത്രങ്ങളെയും ആചാരങ്ങളേയും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ദേവസ്വം ബോര്‍ഡ് സ്വയം രാജി വച്ച് ഒഴിയണം എന്നാവശ്യപ്പെട്ട് കാണിക്ക വഞ്ചി ഉപരോധവും ദേവസ്വം ബോര്‍ഡ് ഓഫീസ് ഉപരോധവും സംഘടിപ്പിക്കും. ജനുവരി 18ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തും.
അതേസമയം ശബരിമല യുവതീ പ്രവേശനത്തില്‍ പ്രക്ഷോഭം ശക്തമാക്കാൻ ബിജെപി – ആര്‍എസ്എസ് ധാരണയായിട്ടുണ്ട്. കർമ്മസമിതി സമരത്തിന് ആവശ്യമായ പിന്തുണ നൽകും. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് സമരം ശക്തമാക്കാനും ധാരണ . രണ്ടാം വിമോചന സമരത്തിന് സമയമായെന്ന് എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here