‘ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും’; യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്

യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജില്ലയില്‍ എങ്കിലും സംഭാവന നല്‍കിയിരുന്നു എങ്കില്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടിക്ക് ഇന്ന് എം.എല്‍.എ മാര്‍ വട്ട പൂജ്യം ആവുമായിരുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട കുര്യന്‍ സാറിന്,
പി ജെ കുര്യന്‍
വയസ്സ് 84
പത്തനംതിട്ട
ഏഴ് തവണ ലോകസഭയിലേക്ക് മത്സരിച്ചു അതില്‍
ആറ് തവണ ലോകസഭാ അംഗം.
ഒരു തവണ രാജ്യസഭാ അംഗം.
36വര്‍ഷങ്ങള്‍..!
രാജ്യസഭാ ഉപാധ്യക്ഷന്‍,ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും,ഐ.ഐ.ടി. ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍ അധികാരം കോണ്‍ഗ്രസിന് നഷ്ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയില്‍ വന്ന് യൂത്ത് കോണ്‍ഗ്രസ് പോരാ എന്ന് പ്രസംഗിക്കാന്‍ സാധിച്ച കുര്യന്‍ സാറെ..
ഈ പറഞ്ഞ സ്ഥാനങ്ങള്‍ ഒക്കെ താങ്കള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഭാവന ചെയ്തതാണ് എന്ന് മനസിലാക്കാന്‍ പറ്റി.
തിരിച്ച് എന്തെങ്കിലും താങ്കള്‍ പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജില്ലയില്‍ എങ്കിലും സംഭാവന നല്‍കിയിരുന്നു എങ്കില്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടിക്ക് ഇന്ന് എം.എല്‍.എ മാര്‍ വട്ട പൂജ്യം ആവുമായിരുന്നില്ല.
ഡല്‍ഹിയിലെ കുളിരില്‍ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിച്ചിരുന്നുവെങ്കില്‍ ഒരു പഞ്ചായത്തില്‍ 25അല്ല അതില്‍ അധികം യൂത്ത് കോണ്‍ഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നു.
കുറഞ്ഞത് 10കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇന്ന് കേരളത്തില്‍ ഇല്ല കുര്യന്‍ സാറെ..
കേസിന് ഫൈന്‍ അടക്കാന്‍ പണം ഇല്ലാതെ ജയിലില്‍ കിടക്കാന്‍ പോലും ഞാന്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പല വട്ടം ആലോചിച്ചിട്ടുണ്ട്.
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാമായിരുന്നു,
ഒരു അടച്ചിട്ട മുറിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തി അവര്‍ക്ക് പറ്റുന്ന സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടായിരുന്നുവെങ്കില്‍..
മാധ്യമങ്ങളുടെ മുന്നില്‍ വച്ച് താങ്കള്‍ പേര് വിളിച്ച് ഉപദേശിച്ചവരൊക്കെ താങ്കളുടെ നാട്ടുകാര്‍ കൂടിയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു.
പാര്‍ട്ടി പ്രതിസന്ധിയില്‍ നിന്ന് കരകയറുവാനുള്ള പോരാട്ടത്തില്‍ പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ തോളില്‍ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല..
ചവിട്ടി താഴ്ത്തരുത്..
ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്.
ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും.
Story Highlights : Youth Congress leaders about P. J. Kurien’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here