‘സാരെ ജഹാന്‍ സെ അച്ചാ…ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഏറ്റവും മികച്ചത് ഇന്ത്യ’; സ്പേസ് സ്റ്റേഷനിലെ യാത്രയയപ്പ് ചടങ്ങില്‍ ശുഭാംശു

ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള ആക്‌സിയം 4 ദൗത്യസംഘം നാളെ ഭൂമിയിലേക്ക് മടങ്ങാനിരിക്കുന്ന പശ്ചാത്തലത്തില്‍ നാലുപേര്‍ക്കും ബഹിരാകാശ നിലയത്തില്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കി. ദൗത്യത്തിന് പൂര്‍ണ പിന്തുണ നല്‍കിയ രാജ്യത്തിനും ജനങ്ങള്‍ക്കും നന്ദി പറഞ്ഞായിരുന്നു ശുഭാംശുവിന്റെ വിടവാങ്ങല്‍ പ്രസംഗം. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ മറ്റെല്ലാ ദേശത്തേക്കാളും മികച്ചതായി തോന്നുന്നുവെന്നും ശുഭാംശു ശുക്ല പറഞ്ഞു. ഈ ദൗത്യം സാധ്യമാക്കിയതിന് ഐഎസ്ആര്‍ഒയ്ക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹായിച്ച ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( Shubhanshu Shukla Axiom-4 farewell speech)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസം നീണ്ട ഗവേഷണങ്ങള്‍ക്കുശേഷമാണ് ശുഭാംശുവും സംഘവും ഭൂമിയിലേക്ക് നാളെ മടങ്ങാനിരിക്കുന്നത്. ഇന്ത്യന്‍ സമയം നാളെ വൈകിട്ട് നാലരയോടെ അണ്‍ഡോക്കിങ് ആരംഭിക്കാനാണ് തീരുമാനം. സഞ്ചാരികളെ വഹിക്കുന്ന ക്രൂ ഡ്രാഗണ്‍ പേടകം ഫ്‌ളോറിഡ തീരത്ത് പതിക്കുന്ന സമയത്തെ കാലാവസ്ഥയും മറ്റു പല ഘടകങ്ങളും പരിശോധിച്ചശേഷം മാത്രമേ അണ്‍ഡോക്കിങ് ആരംഭിക്കുകയുള്ളു. അണ്‍ഡോക്ക് ചെയ്യുന്ന സമയത്ത് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്‍ ഭ്രമണപഥത്തില്‍ നേരത്തെ നിശ്ചയിക്കപ്പെട്ട ഒരിടത്ത് എത്തിയിരിക്കണം.
അണ്‍ഡോക്ക് ചെയ്തതിനുശേഷം സ്‌പേസ് സ്റ്റേഷനില്‍ നിന്നും പരമാവധി അകലത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വായു സമ്മര്‍ദ്ദമില്ലാത്ത ട്രങ്ക് ഭാഗം പേടകത്തില്‍ നിന്നും വേര്‍പെടും.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ 3800 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയെ പേടകത്തിന് അതിജീവിക്കേണ്ടതായി വരും. പേടകത്തിന്റെ കനത്ത ചൂടിനെ അതിജീവിക്കുന്ന താപകവചമാണ് ബഹിരാകാശസഞ്ചാരികളെ സംരക്ഷിക്കുന്നത്. തുടര്‍ന്ന് കണ്‍ഡ്രോള്‍ഡ് ലാന്റിങ് ആരംഭിക്കുന്ന പേടകം ഫ്‌ളോറിഡ തീരത്തിനടുത്തുള്ള കടലില്‍ പതിക്കും. കടലില്‍ നിന്നും പേടകത്തെ വീണ്ടെടുക്കാനുള്ള കപ്പല്‍ അവിടെ സജ്ജമാക്കിയിരിക്കുകയും ചെയ്യും.
Story Highlights : Shubhanshu Shukla Axiom-4 farewell speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here