‘മോനെ ബിലാലെ, മേരി ടീച്ചർക്ക് വേറെയും ഉണ്ട് മക്കൾ’ ; പി കെ ശശിയെ പരിഹസിച്ച് പി എം ആർഷോ

സിപിഐഎം നേതാവ് പി കെ ശശിയെ കടന്നാക്രമിച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി എം ആർഷോ. ബിലാല് ബിലാൽ ആയത് മേരി ടീച്ചർ ചോറു കൊടുത്തിട്ടെന്ന് പരിഹാസം. ആ ചോറ് തിന്ന് സായിപ്പ് ടോണി ആയി വന്നാൽ മുട്ടിന്റെ ചിരട്ട കാണില്ല. മേരി ടീച്ചർക്ക് ഇവിടെ വേറെയുമുണ്ട് മക്കൾ എന്നും പി എം ആർ ഷോ മുന്നറിയിപ്പ് നൽകി. സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.
‘ബിലാല്‍ അര ട്രൗസര്‍ ഇട്ട് അങ്ങാടിയില്‍ക്കൂട്ടി നടന്ന കാലത്ത് ബിലാല്‍ ഒരു ബിലാലും ആയിരുന്നില്ല.അര ട്രൗസർ ഇട്ട് ബിലാൽ അങ്ങാടിയിലൂടെ നടന്ന കാലത്ത് മേരി ടീച്ചർ കൂട്ടി കൊണ്ട് പോയി തിന്നാനും കുടിക്കാനും കൊടുത്തു, നേരെ നിവർന്ന് നിൽക്കാൻ പ്രാപ്തനാക്കി. അങ്ങിനെയാണ് ബിലാൽ ബിലാലായത്. നേരെ നിൽക്കാൻ പ്രാപ്തനായതിന് ശേഷം ബിലാല് സായിപ്പ് ടോണി ആയി മാറി, മേരി ടീച്ചറുടെ തലയ്ക്ക് ഗുണ്ടെറിയാൻ ആളെ പറഞ്ഞു വിട്ടാൽ പൊന്ന് ബിലാലെ ഒരൊറ്റ കാര്യം മാത്രം പറയാം മേരി ടീച്ചർക്ക് കൊച്ചിയിൽ വേറെയും ഉണ്ട് മക്കൾ. ആ മക്കൾ ഇറങ്ങി നിന്നാൽ സായിപ്പ് ടോണിയുടെ മുട്ടിന്റെ ചിരട്ട കാണില്ല. അത് ചെയ്യാനും പറയാനും ഈ നാട്ടിലെ മേരി ടീച്ചറുടെ മക്കൾക്ക് അറിയാം’. പി എം ആർഷോ പരിഹസിച്ചു.
ഏരിയ കമ്മറ്റി ഓഫീസ് ഒരോ സിപിഐഎം പ്രവര്‍ത്തകന്റെയും വൈകാരികതയാണ്. അതിന് നേരെ ആക്രമണം ഉണ്ടായാല്‍ ജനാധിപത്യപരമായ മറുപടി മാത്രമല്ല ഉണ്ടാകുകയെന്നും ആർഷോ പറഞ്ഞു.
അതേസമയം, ഇന്നലെയാണ് മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ അഷ്റഫ് പടക്കമറിഞ്ഞത്. ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കം എറിയാൻ പടക്കം വാങ്ങിച്ചു തന്നത് സിപിഐഎം നേതാക്കൾ തന്നെയെന്ന് പ്രതി അഷ്റഫ് കല്ലടി ട്വന്റി ഫോറിനോട് പ്രതികരിച്ചു. ശ്രീരാജ് വെള്ളരിപ്പാട് എന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി സെക്രട്ടറി മൻസൂറുമാണ് തന്നെ വെല്ലുവിളിച്ചത്. പടക്കം വാങ്ങിത്തന്നത് മൻസൂർ ആണെന്നും അഷ്‌റഫ് പറഞ്ഞു. കടുത്ത പി കെ ശശി അനുകൂലിയായ അഷ്റഫ് കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് വന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് പി.കെ.ശശിയുടെ ശ്രമമെന്നാണ് സിപിഐഎം വിലിയിരുത്തൽ. ഷൊർണൂർ സീറ്റിൽ പി കെ ശശി സ്വതന്ത്രനായി മത്സരിക്കാനുളള സാധ്യത വരെ സിപിഐഎം കാണുന്നുണ്ട്. ഷൊർണൂരിലെ മുൻ എംഎൽഎയായ ശശിയെ അവിടെ സ്വതന്ത്രനായി
അവതരിപ്പിക്കാൻ കോൺഗ്രസിനും മുസ്ലിം ലീഗിനും പദ്ധതിയുണ്ടെന്നാണ് സിപിഐഎം സംശയിക്കുന്നത്.
മണ്ണാർക്കാട്ടെ പരിപാടിയാണ് ശ്രദ്ധ നേടിയതെങ്കിലും അതിനുമുൻപും പി കെ ശശി യു.ഡി.എഫ് വേദികളിലെത്തിയതായി പാലക്കാട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.പികെ ശശിയെ കൂടെക്കൂട്ടാനുള്ള നീക്കത്തിൽ കോൺഗ്രസിനുള്ളിൽ വിയോജിപ്പുണ്ട്. സ്ത്രീകളെ അപമാനിച്ചവർക്കുള്ള ഒളിത്താവളമല്ല കോൺഗ്രസെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
Story Highlights : PM Arsho warns PK Sasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here