കോണ്‍ഗ്രസ് നില കൊള്ളുന്നത് ലിംഗ സമത്വത്തിന്; കരിദിനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയാ ഗാന്ധി

ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്നാരോപിച്ച് കേരളത്തിലെ കോൺഗ്രസ് പ്രഖ്യാപിച്ച കരിദിനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി. കോൺഗ്രസ് നിലകൊള്ളുന്നത് ലിംഗ സമത്വത്തിനും വനിതകളുടെ അവകാശങ്ങൾക്കും വേണ്ടിയാണെന്ന് എം പിമാരോട് പറയുകയും ചെയ്തു. ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിലെ കോൺഗ്രസ് പ്രഖ്യാപിച്ച കരിദിനത്തിന് പിന്തുണയുമായി കറുത്ത ബാൻഡ് ധരിച്ചാണ് സംസ്ഥാനത്ത് നിന്നുള്ള എം പിമാർ കഴിഞ്ഞദിവസം ലോക് സഭയിൽ എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എംപിമാര്‍ ഇത്തരത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്തിയത്. സഭയിലെത്തിയ എംപി മറ്റുള്ളവര്‍ക്ക് ബാഡ്ജ് വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സോണിയ ഗാന്ധി ഇതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. കാരണം കേട്ട സോണിയാ ഗാന്ധി ഇനി നൽകേണ്ടതില്ലെന്ന് നിര്‍ദേശിച്ചുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേരളത്തിൽ പ്രതിഷേധം നടക്കുന്നുണ്ടാകാം. എന്നാൽ, ദേശീയതലത്തിൽ യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ എം പിമാർ പ്രതിഷേധിക്കാൻ പാടില്ലെന്നും. അത് കോൺഗ്രസ് നിലകൊള്ളുന്ന ലിംഗ സമത്വം, വനിതകളുടെ അവകാശങ്ങൾ എന്നീ നിലപാടുകൾക്ക് വിരുദ്ധമായിരിക്കുമെന്നും സോണിയ ഗാന്ധി എം പിമാരോട് പറഞ്ഞതായാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here