നാളത്തെ ദേശീയ പണിമുടക്ക്; ക്രമസമാധാനം തകര്‍ക്കുന്ന സമരാനുകൂലികളെ ഉടനടി അറസ്റ്റ് ചെയ്യും

ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്തിരിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അഖിലേന്ത്യാസമരങ്ങള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പലപ്പോഴായി ഹൈക്കോടതി പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
വ്യക്തികള്‍ക്ക് എതിരെയുളള ആക്രമണങ്ങളും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുന്നതും ഫലപ്രദമായി തടയുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യുന്നതിനും എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന് ഫലപ്രദമായ മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. അക്രമങ്ങളിലേര്‍പ്പെടുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യും. ഇത്തരം ശ്രമങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും. കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കാനും സ്വകാര്യ, പൊതുഗതാഗതവാഹനങ്ങള്‍ക്കുനേരെ കല്ലെറിയാനും ശ്രമിക്കുന്ന സമരാനുകൂലികളെ അപ്പോള്‍തന്നെ അറസ്റ്റ് ചെയ്യും.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായം പോലീസ് ലഭ്യമാക്കും. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് കൈക്കൊള്ളുന്ന നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എല്ലാ റെയ്ഞ്ച് ഐ.ജി മാര്‍ക്കും സോണല്‍ എ.ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതികള്‍, കെ.എസ്.ഇ.ബി, മറ്റ് ബോര്‍ഡ് ഓഫീസുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ എന്നിവയ്ക്ക് മതിയായ സുരക്ഷ നല്‍കും. അവശ്യസര്‍വ്വീസുകള്‍ തടസ്സം കൂടാതെ നടത്തുന്നതിന് പോലീസ് നടപടി സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സി, മറ്റ് പൊതുഗതാഗതവാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കും. ആവശ്യമായ സ്ഥലങ്ങളില്‍ ഇന്ന് രാത്രി മുതല്‍ തന്നെ പോലീസ് പിക്കറ്റും പട്രോളിംഗും ആരംഭിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here