ദേശീയ പണിമുടക്ക് ശബരിമലയേയും ബാധിച്ചു

ദേശീയ പണിമുടക്ക് ശബരിമലയേയും ബാധിച്ചു. രാവിലെ ഭക്തജന തിരക്കുണ്ടായിരുന്നുവെങ്കിലും പത്ത് മണിയോടെ ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായി. പമ്പയിലേക്കുള്ള വാഹന ഗതാഗതത്തെ പണിമുടക്ക് ബാധിച്ചില്ലെങ്കിലും പണിമുടക്ക് കണക്കിലെടുത്ത് ഭക്തർ ശബരിമല യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകളെ പണിമുടക്ക് ബാധിച്ചില്ല. മറ്റു ഡിപ്പോകളിൽ നിന്നും നിലയ്ക്കലിലേക്ക് പതിവുപോലെ സർവീസുകൾ നടത്തി. പമ്പയിൽനിന്നും നിലയ്ക്കൽ വഴി പത്തനംതിട്ട എരുമേലി ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ കോൺവോയ് ആയി പോലീസ് കടത്തിവിട്ടു. അയ്യപ്പ ഭക്തന്മാരുടെ തിരക്കനുസരിച്ച് ബസ്സുകൾ ചെങ്ങന്നൂർ കോട്ടയംഎറണാകുളം എരുമേലി ഭാഗങ്ങളിൽനിന്നും പമ്പയ്ക്ക് അയക്കുന്നുണ്ട്.
രാവിലെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിലുണ്ടായത്. രാവിലെ എട്ട് മണി വരെ 37000 ഭക്തർ ശബരിമലയിൽ ദർശനത്തിനെത്തി. എന്നാൻ പത്തു മണിയായതോടെ ഭക്തരുടെ എണ്ണം കുറഞ്ഞു. നട പന്തലലിലും ഫ്‌ലൈ ഓവറിലും ക്യൂ നിൽക്കാതെ ദർശനം നടത്താൻ കഴിയുന്ന സ്ഥിതിയായിരുന്നു. 12 മണി വരെ 47,500 പേരാണ് ദർശനത്തിന് എത്തിയത്. ഇന്നലെ രാവിലെ ഒൻപത് മണിക്ക് തന്നെ ഇത്രയും ഭക്തർ ദർശനത്തിന് എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here