ശബരിമല കർമസമിതി രഥയാത്ര ഉപേക്ഷിച്ചു

ശബരിമല വിഷയത്തില്‍ ശബരിമല കർമസമിതി നടത്താനിരുന്ന രഥയാത്ര ഉപേക്ഷിച്ചു. ഈ മാസം 11 മുതല്‍ 13വരെയാണ് രഥയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കര്‍മ്മ സമിതി ആഹ്വാനം ചെയ്ത സമര രൂപങ്ങളും മാറ്റമുണ്ട്. സെക്രട്ടേറിയറ്റ് വളയൽ ഇല്ല. പുത്തരിക്കണ്ടത്ത് 19 ന് മഹാ സമ്മേളനവും 10ന് സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
ഹര്‍ത്താല്‍ അക്രമങ്ങളുടെ പേരില്‍ രഥയാത്രക്ക് പല സ്ഥലത്തും അനുമതി ലഭിക്കുന്നതില്‍ നേരിടുന്ന തടസ്സമാണ് രഥയാത്ര ഉപേക്ഷിക്കാന്‍ കാരണം. 11, 12, 13 തീയതികളിലെ രഥയാത്രക്ക് പകരം 10ന് സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. നാമജപം, പൊതുസമ്മേളനം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. സമരരൂപങ്ങളിലും കാര്യമായ മാറ്റം കര്‍മ്മ സമിതി വരുത്തിയിട്ടുണ്ട്. ഈ മാസം 18ന് നിശ്ചയിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റി 19ന് പുത്തരിക്കണ്ടത്ത് മഹാസമ്മേളനം നടത്തുമെന്നാണ് വിവരം. പരിപാടിയില്‍ ശ്രീ ശ്രീ രവിശങ്കറെ എത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ദേശീയ നേതാക്കള്‍, സന്യാസിമാര്‍ എന്നിവരെയും അണിനിരത്തും.
അതേസമയം 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കര്‍മസമിതി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും 22ലെ വിധി അനുകൂലമല്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയാകും. ഇതിനിടെ തന്ത്രിയെ മാറ്റുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെതിരെ താഴമണ്‍ മഠം രംഗത്തെത്തി. ദേവസ്വം ബോര്‍ഡല്ല തന്ത്രിയെ നിയമിച്ചതെന്നും പാരന്പര്യമായി ലഭിച്ചതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും താഴമണ്‍ മഠത്തിന്റെ മറുപടിയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here