‘തലൈവർ തിരുമ്പി വന്തിട്ടേ..’ മരണമാസ് പ്രകടനവുമായി ജനഹൃദയങ്ങൾ കീഴടക്കി രജനിയുടെ ‘പേട്ട’, റിവ്യൂ വായിക്കാം…

ആരാധകരുടെ കാത്തിരിപ്പിനൊടുവിൻ മരണമാസ് പ്രകടനവുമായി തലൈവർ എത്തി..വർഷങ്ങൾക്ക് ശേഷം രജനികാന്ത് എന്ന അത്ഭുത കലാകാരനെ സിനിമ പ്രേമികൾക്ക് തിരിച്ചുനൽകാൻ കടുത്ത രജനി ഫാൻ കൂടിയായ സംവിധായകൻ കാർത്തി സുബ്ബരാജിന് സാധിച്ചു എന്നതുതന്നെയാണ് ‘പേട്ട’ എന്ന ചിത്രത്തിന്റെ വിജയം..

ആരംഭം മുതൽ അവസാനംവരെ സസ്‍പെൻസുകൾ നിറച്ചൊരു കിടിലൻ ചിത്രം… റിലീസിന് മുമ്പേ തന്നെ ചലച്ചിത്രലോകം ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിത്രമായിരുന്നു പേട്ട. ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാതെ സൂക്ഷിക്കാന്‍ സംവിധായകന്‍ കാർത്തിക്കും ടീമും നന്നായിതന്നെ പരിശ്രമിച്ചിരുന്നു. ആ പരിശ്രമങ്ങള്‍ നൂറു ശതമാനം വിജയിക്കുകയും ചെയ്തു എന്ന് തന്നെ വേണം പറയാൻ.

ലളിതമായ ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും ആദ്യാവസാനം വരെ കാണികളുടെ ആവേശം ചോരാതെ നിലനിർത്താൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം മക്കൾ ശെൽവം വിജയ് സേതുപതിയെയും നിറഞ്ഞ കൈയ്യടിയോടുകൂടിയാണ് കാണികൾ സിനിമയുടെ ഓരോ സീനിലും സ്വീകരിച്ചത്..

ആരാധകർ ആഗ്രഹിക്കും വിധത്തിലുള്ള കളർഫുൾനെസ്സോട് കൂടിത്തന്നെ സൂപ്പർസ്റ്റാർ ചിത്രത്തിൽ  അവതരിച്ചു. സ്റ്റൈൽ മന്നന്റെ അഭിനയമികവും മെയ്‌വഴക്കവും സിനിമാലോകം നേരത്തെ തന്നെ കണ്ടറിഞ്ഞറിഞ്ഞതാണെങ്കിലും പേട്ടയിലെ അദ്ദേഹത്തിന്റെ ഓരോ പ്രകടനത്തിനും കാണികൾ അറിയാതെ തന്നെ എണീറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരവരുടെ ഭാഗങ്ങൾ ഭംഗിയായി ജീവിച്ചുഫലിപ്പിച്ചു. പേട്ട എന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ അവിസ്മരണീയമാക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് കഴിഞ്ഞു. അഭിനയമികവിന്റെ കാര്യത്തില്‍ രജനീകാന്തിന്റെ ഒപ്പംതന്നെയാണ് വില്ലനായി അവതരിച്ച വിജയ് സേതുപതിയും, നവാസ് സിദ്ധിഖിയുമെല്ലാം. ചിത്രത്തിൽ വില്ലനായും നല്ലവനായും അവതരിച്ച ബോബി സിംഹയും, മാലിക് എന്ന കഥാപാത്രമായി എത്തിയ ശശികുമാറും, നായികമാരായി എത്തിയ സിമ്രാനും തൃഷയും മാളവിക മേനോനും, മലയാള ചുവയുള്ള തമിഴ് ഗുണ്ടയായി എത്തിയ മലയാളി മണികണ്ഠനുമടക്കം ചെറുതും വലുതുമായി ബിഗ് സ്‌ക്രീനിൽ അവതരിച്ച ഓരോ കഥാപാത്രവും അവരുടെ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചു എന്ന്  നിസംശയം പറയാം.
petta

താരങ്ങളുടെ അഭിനയമികവിനൊപ്പം കഥാതന്തു കൂടി പരാമർശിക്കാതെ വയ്യ… ചിത്രത്തിന്റെ ആദ്യഭാഗത്ത് ആരാധകർ കാണാൻ കൊതിക്കുന്ന രജനിയെ ചെറുപ്പത്തിന്റെ പ്രസരിപ്പോടുകൂടിത്തന്നെ കാണാം..ഹിൽസ്റ്റേഷനിലെ പബ്ലിക് കോളേജ് ഹോസ്റ്റൽ വാർഡനായി വരുന്ന കാളി എന്ന കഥാപാത്രം കളിയും പാട്ടും തമാശകളുമൊക്കെയായി ആദ്യഭാഗത്ത് ആരാധകരെ രസിപ്പിക്കുകയാണ്. എന്നാൽ കുട്ടികൾക്കൊപ്പം അടിപൊളിയായി നടക്കുന്ന കാളിയ്ക്ക് പിന്നിൽ ചില നിഗൂഢതകൾ നിഴലിക്കുന്നുണ്ടെന്ന തെളിവും ആദ്യഭാഗത്ത് തിരക്കഥാകൃത്തും സംവിധായകനുമായ കാർത്തിക് നൽകുന്നുണ്ട്.

അത്ഭുതവും ആകാംഷയുമൊക്കെയാണ് ആദ്യ ഭാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതേസമയം ഒരല്‍പം വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് രണ്ടാം ഭാഗം.. അല്‍പം പോലും ബോറടിപ്പിക്കാതെയാണ് ആ വൈകാരിക രംഗങ്ങളില്‍ നിന്നും ആക്ഷന്‍ രംഗങ്ങളിലേക്കും തുടര്‍ന്ന് ക്ലൈമാക്‌സിലേക്കുമുള്ള ചിത്രത്തിന്റെ പാലായനം. പതിവ് ക്ളീഷേകളിൽ നിന്നും മാറി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്  സമ്മാനിക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്കൊപ്പം രജനിയുടെ കഥാപാത്രം ഇടയ്ക്കിടെ ആസ്വദിക്കുന്ന പഴയകാല തമിഴ് ഗാനങ്ങൾ ഗൃഹാതുരത്വത്തിലേക്ക് ആരാധകരെ എത്തിക്കുന്നതിനും ശ്രമിക്കുന്നുണ്ട്.

ചിത്രത്തിലെ എടുത്ത് പറയേണ്ട ഒന്നാണ് വിഷ്വൽ ട്രീറ്റ്‌മെന്റ്. ചിത്രത്തിന്റെ ആദ്യാവസാനം നിഴലിക്കുന്നുണ്ട് ക്യാമറാമാന്റെ മികവ്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ ഭൂരിഭാഗവും.

ചിത്രം കണ്ടിറങ്ങുന്ന ആരാധകർ 90കളിലെ രജനിയെ തങ്ങള്‍ക്ക് തിരിച്ച് കിട്ടിയെന്നാണ് ഒന്നടങ്കം അഭിപ്രായപെടുന്നത്. കടുത്ത രജനി ഫാൻസിന് മാത്രമല്ല, നല്ല സിനിമകൾ ആസ്വദിക്കുന്ന എല്ലാ സിനിമ പ്രേമികളെയും 172 മിനിറ്റ് ബോറടിപ്പിക്കാതെ ഇരുത്താൻ പേട്ടയ്ക്ക് സാധിക്കുമെന്നതിൽ സംശയമില്ല..ആവേശം ഒട്ടും ചോരാതെ  ചിത്രത്തെ ഇരുകൈകളും നീട്ടി ആരാധകർ നെഞ്ചേറ്റുമെന്നതിലും  സംശയമൊന്നുമില്ല…

Loading...
Top