ലോക്സഭ തെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങൾക്ക് ഇന്ന് തുടക്കം

പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുക്കങ്ങൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ഷൻ കമ്മിഷണർമാരുടെ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. ഓരോ സംസ്ഥാനങ്ങളിലെ സുരക്ഷയും ഉദ്യോഗസ്ഥ വിന്യാസവുമടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് മുൻപ് അതി വിപുലമായ തയ്യാറെടുപ്പുകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പൂർത്തിയാക്കേണ്ടത്.
സുരക്ഷ സംവിധാനം ഒരുക്കുന്നത് മുതൽ ഉദ്യോഗസ്ഥ വിന്യാസം അടക്കം ചിലവ് നിരീക്ഷിയ്ക്കൽ ഉൾപ്പടെ നിരവധിയാണ് ചുമതലകൾ. പഴുതടച്ച് ഇവയെല്ലാം പൂർത്തിയാക്കി തിരഞ്ഞെടൂപ്പ് പ്രഖ്യാപിയ്ക്കാനാണ് ഇന്ന് മുതൽ തയ്യാറെടുപ്പ് ആരംഭിയ്ക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള മുഖ്യ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ഇന്ന് മുതൽ രണ്ട് ദിവസങ്ങളിലായ് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും.
പ്രധാനമായും സുരക്ഷ വിഷയങ്ങളാണ് ആദ്യ ദിവസം ചർച്ചയാകുക. കേന്ദ്ര സേനകളുടെ വിന്യാസത്തിന്റെ കാര്യത്തിലും സംസ്ഥാന പൊലീസിനെ ചുമതല എൽപ്പിയ്ക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യും. തിരഞ്ഞെടുപ്പിന് മുന്നോടിയായ് ആവശ്യമായ ഉദ്യോഗസ്ഥരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കും ബൂത്തുകളുടെ എണ്ണം സംബന്ധിച്ചും ധാരണ ഉണ്ടാക്കും. രണ്ടാം ദിവസമായ നാളെ സാമ്പത്തിക കാര്യങ്ങൾക്കാണ് മാറ്റി വച്ചിട്ടുള്ളത്. ആകെ തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച എകദേശ ധാരണ കമ്മീഷൻ രൂപികരിയ്ക്കും. വോട്ടർമാരിൽ അവബോധം സ്യഷ്ടിയ്ക്കാനുള്ള വിപുലമായ പരിപാടികളുടെ ആസൂത്രണവും രണ്ട് ദിവസങ്ങളിലായ് ഡൽഹിയിൽ പൂർത്തിയാകും. ഡൽഹിയിലെ യോഗത്തിന് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്തി സാഹചര്യം നേരിട്ട് ബോധ്യപ്പെടും. അതിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുക. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് മാർച്ച് രണ്ടാം വാരത്തിന് മുൻപ് തന്നെ പെരുമാറ്റ ചട്ടം രാജ്യത്ത് നിലവിൽ വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here