പെരുമ്പാവൂരിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘം പോലീസ് പിടിയിൽ

ഒഡീഷയിൽ നിന്ന് കഞ്ചാവെത്തിച്ച് പെരുമ്പാവൂരിലെ താമസസ്ഥലത്ത് സൂക്ഷിച്ച ശേഷം ഇതര സംസ്ഥാന തൊഴിലാളികൾക്കും, കഞ്ചാവുപയോഗിക്കുന്ന വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും വിൽപ്പന നടത്തിവന്ന രണ്ടംഗ സംഘത്തെ പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളായ തൂഫാൻ 28, കാലിയ 35 എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് ഏഴര കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ഇതിന് പൊതുവിപണിയിൽ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വില വരും.
വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ 2 ബാഗുകളിൽ കഞ്ചാവുമായെത്തിയ പ്രതികൾ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാന്റിൽ നിന്നും ഇവരുടെ വട്ടയ്ക്കാട്ടുപടിയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 12 വർഷമായി പെരുമ്പാവൂരിൽ താമസിക്കുന്ന തൂഫാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണന്ന് പോലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പെരുമ്പാവൂർ എസ്.ഐ.പി.എ.ഫൈസൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here