കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി സർക്കാർ വിവേചനപരമായി ഇടപെടുന്നുവെന്ന് ആക്ഷേപം

കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി സർക്കാർ വിവേചനപരമായി ഇടപെടുന്നുവെന്ന് ആക്ഷേപം. ഇന്ധന നികുതിയിൽ ഉൾപ്പടെ കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന ആനുകൂല്യങ്ങൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനും ലഭ്യമാകണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തി.
സ്വകാര്യവിമാനത്താവളമായ കണ്ണൂരിലേക്ക് കൂടുതൽ വിമാനകമ്പനികളെ ആകർഷിക്കുന്നതിനാണ് ഇന്ധന നികുതിയിൽ സർക്കാർ വൻ ഇളവ് നൽകിയത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി 28 ശതമാനമാണങ്കിലും അടുത്ത പത്ത് വർഷത്തേക്ക് ഒരു ശതമാനം മാത്രം ഇന്ധന നികുതി കണ്ണൂരിൽ ഈടാക്കിയാൽ മതിയെന്നാണ് മന്ത്രിസഭാ തീരുമാനം. പ്രളയ ശേഷം സാമ്പത്തിക മേഖലയിൽ ഒരു ശതമാനം അധിക സെസ് ഏർപ്പെടുത്താനിയിരിക്കെയാണ് കോടികളുടെ വരുമാന നഷ്ടം സഹിച്ച് കണ്ണൂർ സ്വാകാര്യ വിമാനത്താവളത്തിന് വേണ്ടി സംസ്ഥാന സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചത്.
പൊതു മേഖലയിലുള്ള കരിപ്പൂരിൽ നിന്നും ആഭ്യന്തര സർവീസുകൾ കുറയുന്നതിലേക്കാണ് ഈ തീരുമാനം കാരണമാകുന്നത്. കരിപ്പൂരിലേക്ക് സർവീസ് നടത്തിയിരുന്ന കൂടുതൽ വിമാന കമ്പനികൾ ലാഭം നോക്കി ഇപ്പോൾ തന്നെ കണ്ണൂരിലേക്ക് ചുവടു മാറ്റി തുടങ്ങി. കണ്ണൂരിന് നൽകിയത് പോലെയുള്ള ഇളവ് കരിപ്പൂരിനും നൽകണമെന്ന ആവശ്യം ഇതോടെ ശക്തമായി. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ ശ്രമിക്കുന്ന കരിപ്പൂർ വിമാന താവളത്തെ തകർക്കാനുളള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ഇന്ധന നികുതിയിൽ സമാനമായ ഇളവ് കെ.എസ്. ആർ.റ്റി.സിക്കും യാത്രക്കാർക്കും ലഭ്യമാക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് സൊസൈറ്റിയും ആവശ്യപ്പെട്ടു.
മലബാർ ഡവലപ്‌മെന്റ് ഫോറം, കാലികറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പടെ നിരവധി സംഘടനകളാണ് സർക്കാരിന്റെ ഇരട്ടതാപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വരും ദിനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് സൂചന
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here