‘മുഖ്യമന്ത്രിയെ കൂകിയത് അംഗീകരിക്കാനാകില്ല, ബൈപ്പാസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തത് കുമ്മനത്തിന്റെ അനുഭവമോർത്ത് ‘: പി എസ് ശ്രീധരൻപിള്ള

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂകി വിളിച്ചത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു അത്തരത്തിലൊരു സംഭവം. ജനാധിപത്യ പ്രക്രിയയിൽ അതിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞു.
ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നത് മനപൂർവമാണ്. നിലവിൽ താൻ ഔദ്യോഗികമായി ഒരു പദവിയും അലങ്കരിക്കുന്നില്ല. മുൻപ് കുമ്മനം രാജശേഖരൻ മെട്രോയിൽ കയറി വാർത്തയായതുപോലെ താനും വാർത്തയാകേണ്ട എന്നു കരുതിയാണ് പരിപാടിയിൽ നിന്നും വിട്ടുനിന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ചൊവ്വാഴ്ച കൊല്ലത്ത് നടന്ന ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റതിന് പിന്നാലെ ഒരു സംഘം ആളുകൾ കൂകി വിളിക്കുകയായിരുന്നു. സദസിൽ നിന്നും ശരണംവിളികളും ഉയർന്നു. സംഭവത്തിൽ ക്ഷുഭിതനായ മുഖ്യമന്ത്രി, എന്തും കാണിക്കാനുള്ള ചടങ്ങല്ല ഇതെന്നു ചൂണ്ടിക്കാട്ടി വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here