സുപ്രീംകോടതി വിധി ഭക്തരുടെ വികാരം കണക്കിലെടുക്കാതെ : എംകെ രാഘവൻ എം.പി

ശബരിബല വിഷയത്തിൽ സുപ്രീംകോടതി വിധി ഭക്തരുടെ വികാരം കണക്കിലെടുക്കാതെയാണെന്ന് കോൺഗ്രസ് നേതാവ് എം.കെ രാഘവൻ എം.പി പറഞ്ഞു. കോടതിവിധി നടപ്പിലാക്കാൻ സർക്കാർ സാവകാശം കാണിക്കണമായിരുന്നുവെന്നും അദ്ദേഹം ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന് ഇന്ധന നികുതിയിൽ വലിയ തോതിലുള്ള ഇളവ് നൽകുന്നത് കോഴിക്കോട് വിമാനത്താവളത്തെയും പരിസരത്തുള്ള പല സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഈ ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും രാഘവൻ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തെ തകർക്കാൻ ഗൂഡാലോചന നടക്കുന്നുണ്ടെന്നും എം.കെ രാഘവൻ പറഞ്ഞു. ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിദേശ ഇന്ത്യക്കാരിൽ നിന്നും പിരിച്ചെടുക്കുന്ന കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൻറെ വിനിയോഗം കൂടുതൽ സുതാര്യമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഈ ഫണ്ട് വിനിയോഗിക്കാം.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും അകാരണമായി ജയിലിൽ തുടരുന്നവരും, ദിയാധനം നൽകാൻ സാധിക്കാതെ ജയിലിൽ കഴിയുന്നവരുമായ വിദേശ ഇന്ത്യക്കാരെ മോചിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രത്യേക സെൽ രൂപീകരിക്കണം. അടുത്ത ലോകസഭാ സമ്മേളനത്തിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും എം.കെ രാഘവൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here